കാര്‍ത്തിക്ക് നന്നായി കളിക്കുമ്പോള്‍ ഏറ്റവും നന്നായി സന്തോഷിക്കുന്നത് കോലിയായിരിക്കും; ഡികെയ്ക്ക് മുന്നില്‍ രണ്ട് കൈകളും നീട്ടി കുമ്പിട്ട് കോലി (വീഡിയോ)
സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ വിരാട് കോലി കൂടാരം കയറിയത്. ഈ സീസണില്‍ കോലിയുടെ മൂന്നാമത്തെ ഗോള്‍ഡന്‍ ഡക്കാണിത്. കോലി തന്റെ ഫോം ഔട്ടില്‍ ഏറെ നിരാശനുമാണ്. എന്നാല്‍, ഈ നിരാശയെല്ലാം മറന്നുകൊണ്ട് സഹതാരത്തിന്റെ ബാറ്റിങ് മികവില്‍ സന്തോഷിക്കുന്ന കോലിയെയാണ് ഇന്നലെ ഡ്രസിങ് റൂമില്‍ കണ്ടത്. ഈ കാഴ്ചകള്‍ ഏറെ ഹൃദ്യമാണ്.
ബാംഗ്ലൂരിന് വേണ്ടി ദിനേശ് കാര്‍ത്തിക് എട്ട് പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടി. നാല് സിക്‌സും ഒരു ഫോറും അടങ്ങിയ വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു ഇത്. പ്രായം പറഞ്ഞ് എഴുതി തള്ളിയ എല്ലാവര്‍ക്കും തന്റെ സുഹൃത്ത് ഓരോ ഇന്നിങ്‌സിലൂടേയും മറുപടി കൊടുക്കുന്ന കാഴ്ച കണ്ട കോലിക്ക് സന്തോഷം അടക്കാനായില്ല.