Fact Check: സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെ പരിഗണിക്കുന്നതായി ഗോസിപ്പ്. സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍ രോഹിത്തിനെ തങ്ങളുടെ ടീമില്‍ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായാണ് വാര്‍ത്തകള്‍. അടുത്ത സീസണില്‍ രോഹിത്തിനെ സണ്‍റൈസേഴ്‌സ് നായകനാക്കാന്‍ കാവ്യ ആലോചിക്കുന്നുണ്ടെന്നും അതിനായി ബ്ലാങ്ക് ചെക്ക് നല്‍കാനാണ് തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇത് യാഥാര്‍ഥ്യമല്ല !
പാറ്റ് കമ്മിന്‍സാണ് നിലവില്‍ സണ്‍റൈസേഴ്‌സ് നായകന്‍. കഴിഞ്ഞ ലേലത്തില്‍ വന്‍ തുക മുടക്കിയാണ് ഹൈദരബാദ് കമ്മിന്‍സിനെ സ്വന്തമാക്കിയത്. അതിനാല്‍ ഇനിയൊരു വലിയ ട്രേഡിങ്ങിനെ കുറിച്ച് ഹൈദരബാദ് ആലോചിക്കുന്നില്ല. കമ്മിന്‍സ് തന്നെ നായകസ്ഥാനത്തു തുടരണമെന്നാണ് കാവ്യ മാരനും താല്‍പര്യം.
അതേസമയം രോഹിത് മുംബൈ ഇന്ത്യന്‍സ് വിടുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ സീസണ്‍ പൂര്‍ത്തിയായാല്‍ താരം മുംബൈയുമായുള്ള ബന്ധം അവസാനിപ്പിക്കും. നായകസ്ഥാനം വാഗ്ദാനം ചെയ്യുന്ന മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് പോകാനാണ് താരത്തിനു താല്‍പര്യം. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ രോഹിത് തൃപ്തനല്ലെന്നും മുംബൈ വിടാന്‍ ഒരുങ്ങുന്നുവെന്നും ന്യൂസ് 24 സ്പോര്‍ട്സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്ന കാര്യങ്ങളാണ് മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ നടക്കുന്നത്.
ഡ്രസിങ് റൂമില്‍ ഗ്രൂപ്പിസം ശക്തമാണെന്നും ഹാര്‍ദിക്കിനു കീഴില്‍ കളിക്കാന്‍ രോഹിത്തിനു താല്‍പര്യമില്ലെന്നും ഒരു മുംബൈ ഇന്ത്യന്‍സ് താരം തന്നെ തങ്ങളോട് പറഞ്ഞതായാണ് ന്യൂസ് 24 സ്പോര്‍ട്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹാര്‍ദിക്കിനെ പിന്തുണച്ച് ഒരു വാര്‍ത്താസമ്മേളനം നടത്താന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും രോഹിത് അതിനു തയ്യാറായിട്ടില്ല. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ രോഹിത്തിന് ഫ്രാഞ്ചൈസിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നത് വ്യക്തമാണ്.