ഐപിഎല്ലിലെ അരങ്ങേറ്റ രണ്ട് മത്സരങ്ങളിലെ പ്രകടനങ്ങള്‍ കൊണ്ട് തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ലഖ്‌നൗവിന്റെ യുവതാരമായ മായങ്ക് യാദവ്. വന്യമായ പേസ് മാത്രമല്ല ലൈനിലും ലെങ്തിലുമെല്ലാം പുലര്‍ത്തുന്ന സൂഷ്മതയും വൈവിധ്യമുള്ള ഡെലിവറികളുമാണ് മായങ്കിനെ പെട്ടെന്ന് ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. ആര്‍സിബിക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ കാമറൂണ്‍ ഗ്രീനിനെതിരെ 156.7 കിലോമീറ്റര്‍ വേഗതയിലാണ് താരം പന്തെറിഞ്ഞത്. ഇതേ മത്സരത്തില്‍ തന്നെ 155.6 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാനും താരത്തിനായിരുന്നു.
എന്നാല്‍ വിക്കറ്റുകള്‍ തുടരെ വീഴ്ത്തിയും വേഗത കൊണ്ട് അമ്പരപ്പിക്കുവാനും സാധിക്കുമ്പോഴും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന പന്തുകളില്‍ അഞ്ചാം സ്ഥാനത്ത് മാത്രമാണ് ലഖ്‌നൗവിന്റെ യുവതാരമുള്ളത്. 2011 സീസണില്‍ ഓസീസ് താരമായ ഷോണ്‍ ടെയ്റ്റ് എറിജ 157.71 കിമീ വേഗതയിലുള്ള പന്താണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന ബോള്‍. ഈ സീസണില്‍ മുംബൈയുടെ ജെറാള്‍ഡ് കൂറ്റ്‌സി എറിഞ്ഞ 157.4 കിമീ പന്ത് പട്ടികയില്‍ രണ്ടാമതാണ്. 2022ല്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 157.34, ഉമ്രാന്‍ മാലിക് എറിഞ്ഞ 157 എന്നിവറ്റാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തും നാലാമതുമുള്ള പന്തുകള്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 161.3 കിമീ വേഗതയില്‍ പന്തെറിഞ്ഞ പാകിസ്ഥാന്‍ പേസര്‍ ഷൊയേബ് അക്തറിന്റെ പേരിലാണ് ഇപ്പോഴും വേഗതയേറിയ പന്തെന്ന റെക്കോര്‍ഡുള്ളത്. ഓസീസ് താരങ്ങളായ ഷോണ്‍ ടെയ്റ്റ്, ബ്രെറ്റ്‌ലീ എന്നിവര്‍ 161.1 കിമീ വേഗതയില്‍ പന്തെറിഞ്ഞിട്ടുണ്ട്. 160.6 കിമീ വേഗതയില്‍ പന്തെറിഞ്ഞിട്ടുള്ള ജെഫ് തോംസണാണ് ലിസ്റ്റില്‍ മൂന്നാമത്. ഓസ്‌ട്രേലിയന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്കും(160.4) 160+ കിമീ വേഗതയിലെ പന്തെറിഞ്ഞിട്ടുണ്ട്.