സുഹൃത്തുക്കളുമായുള്ള സ്വകാര്യസംഭാഷണം പോലും വിറ്റു കാശാക്കുന്നു, സ്റ്റാർ സ്പോർട്സിനെതിരെ പൊട്ടിത്തെറിച്ച് രോഹിത് ശർമ

അഭിറാം മനോഹർ

തിങ്കള്‍, 20 മെയ് 2024 (13:11 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിന് മുന്‍പ് സുഹൃത്തും കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനുമായ അഭിഷേക് നായരോട് നടത്തിയ സ്വകാര്യസംഭാഷണം പുറത്തുവിട്ട സംഭവത്തില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ തുറന്നടിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തലേന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ പരിശീലനം നടത്തവെയാണ് രോഹിത് അഭിഷേക് നായരുമായി സൗഹൃദം പങ്കുവെച്ചത്. ഈ സംഭാഷണത്തില്‍ മുംബൈ ഇന്ത്യന്‍സില്‍ ഇത് തന്റെ അവസാന സീസണാകുമെന്ന സൂചന രോഹിത് പറഞ്ഞിരുന്നു. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കിയെങ്കിലും അതിനകം തന്നെ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. ഈ സംഭവമാണ് രോഹിത്തിനെ ചൊടുപ്പിച്ചത്.
 
 ക്രിക്കറ്റ് താരങ്ങളുടെ സ്വകാര്യതയ്ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് വില നല്‍കുന്നില്ലെന്നും സ്വകാര്യമായി സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന സംഭാഷണങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെന്നും രോഹിത് പറയുന്നു. ഞാന്‍ നടത്തിയ ഒരു സ്വകാര്യസംഭാഷണം റെക്കോര്‍ഡ് ചെയ്യരുതെന്ന് പറഞ്ഞിട്ടും സ്റ്റാര്‍ സ്‌പോര്‍ട്‌സ് അത് ചെയ്തു. പോരാത്തതിന് അത് പുറത്തുവിടുകയും ചെയ്തു. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. അവര്‍ക്ക് എക്‌സ്‌ക്ലൂസീവുകള്‍ വേണം. കാഴ്ചക്കാരെ കൂട്ടണം. അത് മാത്രമാണ് അവരുടെ നോട്ടം. പക്ഷേ അവരിത് തുടരുകയാണെങ്കില്‍ കളിക്കാരും ആരാധകരും തമ്മിലുള്ള പരസ്പര വിശ്വാസമാകും നഷ്ടമാവുക. എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ രോഹിത് കുറിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍