100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

അഭിറാം മനോഹർ

വ്യാഴം, 16 മെയ് 2024 (18:46 IST)
2007ൽ ഇന്ത്യ ആദ്യമായി ടി20 കിരീടം എടുത്തത് മുതല്‍ ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമാണ് രോഹിത് ശര്‍മ. അനേകം കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതായിരുന്നു രോഹിത്തിന്റെ ആദ്യകാലമെങ്കിലും ഓപ്പണറായെത്തിയതിന് ശേഷം രോഹിത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. 2019ലെ ഏകദിന ലോകകപ്പില്‍ ടോപ് സ്‌കോററായ രോഹിത് ശര്‍മ 2023ല്‍ ഇന്ത്യയെ ഫൈനല്‍ വരെ നയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ കരിയറില്‍ തന്നെ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍ ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
 
 മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസറായ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പേരാണ് രോഹിത് പറയുന്നത്.  സ്റ്റെയ്‌നെ നേരിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. സ്റ്റെയ്‌നെതിരെ ബാറ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിന് മുന്നെ അദ്ദേഹത്തിന്റെ ബൗളിംഗ് വീഡിയോകള്‍ 100 തവണയെങ്കിലും കാണാറുണ്ടായിരുന്നു. അതിവേഗത്തില്‍ സ്വിങ് ചെയ്യുന്ന താരത്തിന്റെ പന്തുകള്‍ എന്നും എനിക്ക് പേടിസ്വപ്നമായിരുന്നു. രോഹിത് പറഞ്ഞു. അതേസമയം അന്താരാഷ്ട്ര കരിയറില്‍ ഒരു തവണ മാത്രമാണ് സ്റ്റെയ്ന്‍ രോഹിത്തിനെ പുറത്താക്കിയിട്ടുള്ളത്. താന്‍ പന്തെറിഞ്ഞിട്ടുള്ള ബാറ്റര്‍മാരില്‍ പുറത്താക്കാന്‍ ഏറ്റവും പ്രയാസപ്പെട്ട ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത് എന്ന് പിന്‍കാലത്ത് സ്റ്റെയ്‌നും പറഞ്ഞിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍