Rishabh Pant: ബാറ്റിങ്ങില്‍ മോശം ഫോം തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്ത്. പഞ്ചാബ് കിങ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ അഞ്ച് പന്തില്‍ റണ്ട് റണ്‍സെടുത്ത് പന്ത് പുറത്തായി. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ യുസ്വേന്ദ്ര ചഹലിനു ക്യാച്ച് നല്‍കിയാണ് പന്തിന്റെ മടക്കം.
32-2 എന്ന നിലയില്‍ ലഖ്‌നൗ പ്രതിരോധത്തിലായ സമയത്താണ് പന്ത് ക്രീസിലെത്തുന്നത്. നായകനെന്ന നിലയില്‍ ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കേണ്ട ഉത്തരവാദിത്തം പന്തിനായിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി താരം നിരാശപ്പെടുത്തി. ലഖ്‌നൗ ആരാധകരെ പൂര്‍ണമായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരത്തിന്റേത്.
മെഗാ താരലേലത്തില്‍ 27 കോടിക്കാണ് റിഷഭ് പന്തിനെ ലഖ്നൗ സ്വന്തമാക്കിയത്. സീസണിലെ ആദ്യ മത്സരത്തില്‍ (ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ) ആറ് പന്തില്‍ റണ്‍സൊന്നും എടുക്കാതെയാണ് റിഷഭ് പുറത്തായത്. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ 15 പന്തില്‍ 15 റണ്‍സെടുത്തും കൂടാരം കയറി. മൂന്ന് മത്സരങ്ങളില്‍ നിന്ന് പന്തിന്റെ സമ്പാദ്യം വെറും 17 റണ്‍സ്.