Rajasthan Royals: അവസാന മത്സരങ്ങളില്‍ ഉഴപ്പിയതിനുള്ള പണി ! സഞ്ജുവിന്റെ രാജസ്ഥാനെ 'എയറില്‍' കയറ്റി സോഷ്യല്‍ മീഡിയ

രേണുക വേണു
തിങ്കള്‍, 20 മെയ് 2024 (11:27 IST)
Rajasthan Royals: പടിക്കല്‍ കലമുടച്ച് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. സീസണിലെ ആദ്യ ഒന്‍പത് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വെറും ഒരു തോല്‍വി മാത്രം വഴങ്ങി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു രാജസ്ഥാന്‍. ഇപ്പോള്‍ ഇതാ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചിരിക്കുന്നത്. അവസാന മത്സരങ്ങളില്‍ ഉഴപ്പിയതാണ് രാജസ്ഥാന് പണികൊടുത്തതെന്ന് ആരാധകര്‍ പറയുന്നു. 
 
14 കളികളില്‍ നിന്ന് എട്ട് ജയത്തോടെ 17 പോയിന്റാണ് രാജസ്ഥാനുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചത് രാജസ്ഥാന് ഇരട്ടി പ്രഹരമായി. ഈ മത്സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ 18 പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാമായിരുന്നു. അങ്ങനെ വന്നാല്‍ പ്ലേ ഓഫില്‍ ക്ലാളിഫയര്‍ 1 രാജസ്ഥാന്‍ കളിച്ചേനെ. മൂന്നാം സ്ഥാനക്കാരായതുകൊണ്ട് ഇനി എലിമിനേറ്ററാണ് രാജസ്ഥാന്‍ കളിക്കേണ്ടത്. 
 
സീസണിലെ അവസാന അഞ്ച് മത്സരങ്ങളില്‍ ഒരു ജയം പോലും രാജസ്ഥാന് ഇല്ല. നാല് മത്സരങ്ങളില്‍ തോറ്റപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. തോറ്റ നാല് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ജയം സ്വന്തമാക്കിയിരുന്നെങ്കില്‍ ക്വാളിഫയര്‍ 1 കളിക്കേണ്ട ടീമായിരുന്നു രാജസ്ഥാന്‍. ഇതിനുള്ള സാധ്യതകളാണ് മോശം പ്രകടനത്തിലൂടെ സഞ്ജുവും കൂട്ടരും ഇല്ലാതാക്കിയത്. മേയ് 22 ന് നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് രാജസ്ഥാന് എതിരാളികള്‍. ഇതില്‍ തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article