ഐസിസി ടി20 ലോകകപ്പ് മത്സരങ്ങള്‍ ജൂണ്‍ മാസത്തില്‍ തുടങ്ങുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ ടൂര്‍ണമെന്റ് ഇന്ത്യന്‍ ടീം സെലക്ഷനായുള്ള ഓഡീഷന്‍ കൂടിയായിരുന്നു. ഐപിഎല്ലില്‍ മോശം പ്രകടനമാണ് നടത്തിയതെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ,രോഹിത് ശര്‍മ,യശ്വസി ജയ്‌സ്വാള്‍ തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഐപിഎല്‍ പ്രകടനങ്ങളുടെ ബലത്തില്‍ സഞ്ജു സാംസണ്‍,ശിവം ദുബെ തുടങ്ങിയ താരങ്ങളാണ് ടീമില്‍ ഇടം നേടിയത്.
ടീം പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും ഫിനിഷറെന്ന രീതില്‍ വമ്പന്‍ റെക്കോര്‍ഡുള്ള റിങ്കു സിംഗിന് അവസരം നഷ്ടമായത് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരുന്നു. ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവ്,റിങ്കു സിംഗ് തുടങ്ങിയ താരങ്ങള്‍ ഫസ്റ്റ് ചോയ്‌സായിരിക്കണമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. അപ്പോഴും നിലവിലെ ഫോമില്‍ ശിവം ദുബയെ ടീമില്‍ എടുത്തതില്‍ വിമര്‍ശനങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ലോകകപ്പ് തിരെഞ്ഞെടുപ്പിന് ശേഷം നടന്ന മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനങ്ങളാണ് താരം നടത്തുന്നത്.
ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് ശേഷം 0,0,21,18,7 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍. സീസണിന്റെ ആദ്യപകുതിയില്‍ ചെന്നൈ നേടിയ വിജയങ്ങളില്‍ ശിവം ദുബെയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. ദുബെ പരാജയമായതോടെ ചെന്നൈയും ഐപിഎല്ലില്‍ കിതച്ചു. ഇന്നലെ ദുബെക്കെതിരെ കൃത്യമായ പദ്ധതികളോടെയായിരുന്നു ആര്‍സിബി ഇറങ്ങിയത്. 15 പന്തില്‍ നിന്നും വെറും 7 റണ്‍സാണ് താരം ഇന്നലെ നേടിയത്. വെറും 46.67 സ്‌ട്രൈക്ക്‌റേറ്റില്‍ ടൂര്‍ണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തില്‍ ദുബെ നടത്തിയ പ്രകടനത്തിനെതിരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.