ആഹ്.. എന്തായാലെന്താ ഇതെന്റെ അവസാനത്തേത്, അഭിഷേക് നായരിനോട് മനസ് തുറന്ന് രോഹിത്, താരം മുംബൈ വിടുമെന്ന ആശങ്കയില്‍ ആരാധകര്‍

അഭിറാം മനോഹർ
ശനി, 11 മെയ് 2024 (11:05 IST)
Rohit Sharma,Abhishek Nayar, Mumbai Indians
ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. മുംബൈയ്ക്കായി 5 ഐപിഎല്‍ കിരീടങ്ങള്‍ നേടികൊടുത്ത നായകനെ യാതൊരു സൂചനകളും നല്‍കാതെയാണ് മുംബൈ ടീം മാനേജ്‌മെന്റ് ഒഴിവാക്കിയത്. ഈ തീരുമാനം വന്നതോടെ വലിയ പ്രതിഷേധമാണ് മുംബൈ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നായകത്വത്തിന് കീഴില്‍ കളിച്ച മുംബൈ ഇന്ത്യന്‍സ് 2024 ഐപിഎല്ലില്‍ പ്ലേ-ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മാറി.
 
ഹാര്‍ദ്ദിക്കിനെ നായകനാക്കിയതില്‍ മുംബൈ ടീമിനുള്ളില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതിനൊന്നും തന്നെ സ്ഥിരീകരണങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അസിസ്റ്റന്റ് കോച്ചായ അഭിഷേക് നായരുമായി മുംബൈ താരം രോഹിത് ശര്‍മ നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുംബൈ ടീമിനെ പറ്റിയാണ് രോഹിത് അഭിഷേകുമായി സംസാരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രോഹിത്തിന്റെ വാക്കുകള്‍ ഇങ്ങനെ.
 
 അവിടെ എല്ലാ കാര്യങ്ങളും ഒന്നൊന്നായി മാറികൊണ്ടിരിക്കുന്നു. ഇനിയെല്ലാം അവരുടെ കയ്യിലാണ്. അവിടെ എന്ത് വേണമെങ്കില്‍ നടക്കട്ടെ ഞാനതില്‍ ശ്രദ്ധിക്കുന്നില്ല. എന്തൊക്കെയായാലും അതെന്റെ വീടാണ്. എന്റെ അധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ആ സ്ഥലം എനിക്ക് ക്ഷേത്രത്തെ പോലെയാണ്. എന്ത് വേണമെങ്കില്‍ നടക്കട്ടെ ഇതെന്റെ അവസാനമാണ്. ഇത്രയുമാണ് ശബ്ദം പൂര്‍ണ്ണമായും വ്യക്തമല്ലാത്ത വീഡിയോയില്‍ ഇരുവരും പറയുന്നതെന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നത്. ഇത് വരുന്ന സീസണില്‍ രോഹിത് മുംബൈയില്‍ തുടരില്ല എന്ന സൂചനയാണ് നല്‍കുന്നതെന്ന് ആരാധകര്‍ പറയുന്നു.
 
 മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതിന് പിന്നാലെ രോഹിത് ശര്‍മ,ജസ്പ്രീത് ബുമ്ര,സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് ഹാര്‍ദ്ദിക്കിന്റെ രീതികളുമായി മുന്നോട്ട് പോകാന്‍ അതൃപ്തിയുള്ളതായി മാനേജ്‌മെന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അടുത്ത വര്‍ഷം മെഗാ ഓക്ഷന്‍ നടക്കുന്നതിനാല്‍ രോഹിത് മുംബൈ വിട്ട് പോകുകയാണെങ്കില്‍ പഞ്ചാബ്,ലഖ്‌നൗ ടീമുകള്‍ താരത്തെ സ്വന്തമാക്കാന്‍ സാധ്യതയേറെയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article