Sanju Samson: യശസ്വി ജയ്‌സ്വാളിന്റെ പേരുപറഞ്ഞ് സഞ്ജുവിനെ നൈസായി 'തഴയാന്‍' ബിസിസിഐ. ഏകദിനത്തില്‍ സഞ്ജുവിന് പറ്റിയ പൊസിഷന്‍ ഓപ്പണിങ് ആണെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ മൂന്ന് ഓപ്പണര്‍മാര്‍ ഉള്ളതിനാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മലയാളി താരത്തിനു സാധ്യതയില്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം. യുവതാരം യശസ്വി ജയ്‌സ്വാളിന്റെ പേരുപറഞ്ഞാണ് സെലക്ടര്‍മാര്‍ സഞ്ജുവിനെ 'പുറത്ത്' നിര്‍ത്തുന്നത്.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി 12 നു മുന്‍പ് പ്രഖ്യാപിക്കാനാണ് സാധ്യത. 15 അംഗ സ്‌ക്വാഡില്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരായിരിക്കും ഓപ്പണര്‍മാര്‍. മൂന്ന് ഓപ്പണര്‍മാര്‍ ഉള്ള സാഹചര്യത്തില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്.
വിക്കറ്റ് കീപ്പര്‍ പൊസിഷനില്‍ കെ.എല്‍.രാഹുലും റിഷഭ് പന്തും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇത് സഞ്ജുവിന്റെ സാധ്യതകള്‍ തീര്‍ത്തും ഇല്ലാതാക്കുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുകയും അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുകയുമാണ് ഇനി സഞ്ജുവിനു മുന്നിലുള്ള ഏക സാധ്യത. അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. വിക്കറ്റ് കീപ്പര്‍, ഓപ്പണര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ കെല്‍പ്പുള്ളതിനാല്‍ ചാംപ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡില്‍ സ്റ്റാന്‍ഡ് ബൈ താരമായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയേക്കാം.
ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യത സ്‌ക്വാഡ് : രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ശുഭ്മാന്‍ ഗില്‍, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി / മായങ്ക് യാദവ്