ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ പല താരങ്ങളും നാട്ടിലേക്കു മടങ്ങിയിരുന്നു. ജോഷ് ഹെയ്‌സല്‍വുഡ്, ഫില്‍ സാള്‍ട്ട്, ലുങ്കി എങ്കിടി, റൊമാരിയോ ഷെപ്പേര്‍ഡ്, ജേക്കബ് ബെതേല്‍ എന്നീ വിദേശ താരങ്ങള്‍ നാട്ടിലേക്കു മടങ്ങിയത് ആര്‍സിബി ക്യാംപില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇവരില്‍ പലരും ഇനി ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതാണ്. എന്നാല്‍ പ്രമുഖരായ എല്ലാ താരങ്ങളെയും ആര്‍സിബിയുടെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ഇന്ത്യയിലെത്തും.
ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡ് ഉടന്‍ ആര്‍സിബി ടീമിനൊപ്പം ചേരും. പരുക്കിനെ തുടര്‍ന്ന് ആദ്യ രണ്ട് മത്സരങ്ങള്‍ ഹെയ്‌സല്‍വുഡിനു നഷ്ടമായേക്കാം. എന്നാല്‍ പ്ലേ ഓഫില്‍ താരം ഉറപ്പായും കളിക്കും. ലുങ്കി എങ്കിടി ആര്‍സിബി ടീമിനൊപ്പം ചേര്‍ന്നു പരിശീലനം ആരംഭിച്ചു. ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ടും ആര്‍സിബിക്കായി ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കും. ജേക്കബ് ബെതേല്‍ കഴിഞ്ഞ ദിവസം ടീമിനൊപ്പം ചേര്‍ന്നു. റൊമാരിയോ ഷെപ്പോര്‍ഡും ആര്‍സിബി ക്യാംപില്‍ എത്തിയിട്ടുണ്ട്.