ഐപിഎല്‍ പ്ലേ ഓഫ് ലൈനപ്പായി. നാലാം ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ കയറി. ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ 42 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചത്. സണ്‍റൈസേഴ്‌സിനെതിരെ 171 റണ്‍സിന്റെ വിജയം നേടിയിരുന്നെങ്കില്‍ കൊല്‍ക്കത്തയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന് ക്വാളിഫൈ ചെയ്യാമായിരുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളാണ് പ്ലേ ഓഫില്‍ കളിക്കുക.
ചെന്നൈ സൂപ്പര്‍ കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് ആദ്യ ക്വാളിഫയര്‍. ഒക്ടോബര്‍ പത്തിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ഒക്ടോബര്‍ 11 ന് ഷാര്‍ജ സ്‌റ്റേഡിയത്തില്‍ എലിമിനേറ്റര്‍ മത്സരം നടക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് എലിമിനേറ്ററില്‍ ഏറ്റുമുട്ടുക. ആദ്യ ക്വാളിഫയറില്‍ തോല്‍ക്കുന്നവരും എലിമിനേറ്റര്‍ മത്സരത്തില്‍ ജയിക്കുന്നവരും തമ്മില്‍ രണ്ടാം ക്വാളിഫയര്‍ നടക്കും. ആദ്യ ക്വാളിഫയറിലെയും രണ്ടാം ക്വാളിഫയറിലെയും വിജയികള്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും.