Riyan Parag: പ്രകടനത്തില്‍ സന്തോഷവാനാണ്, പക്ഷേ തൃപ്തനല്ല, ഫിനിഷറെന്ന നിലയില്‍ ഒരുപാട് മെച്ചപ്പെടാനുണ്ട്: റിയാന്‍ പരാഗ്

അഭിറാം മനോഹർ
വെള്ളി, 31 മെയ് 2024 (16:12 IST)
2024ലെ ഐപിഎല്‍ സീസണ്‍ അവസാനിച്ചപ്പോള്‍ തന്റെ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് ശക്തമായ മറുപടി നല്‍കാന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ റിയാന്‍ പരാഗിന് സാധിച്ചിരുന്നു. ഐപിഎല്ലില്‍ ആദ്യമായി 500+ സീസണ്‍ എന്ന നേട്ടത്തിലും ഈ വര്‍ഷത്തെ രാജസ്ഥാന്റെ ടോപ് സ്‌കോററും ആകാന്‍ സാധിച്ചെങ്കിലും ഇത്തവണത്തെ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ പരാഗിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ പ്രകടനത്തില്‍ സന്തോഷവാനാണെങ്കിലും ഒട്ടും സംതൃപ്തനല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് റിയാന്‍ പരാഗ്.
 
എനിക്ക് ഇത് നല്ലൊരു സീസണായിരുന്നു. എന്നാല്‍ ഞാന്‍ ഒട്ടും തൃപ്തനല്ല. രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ മത്സരങ്ങള്‍ ഞാന്‍ ജയിക്കണമായിരുന്നു. കുറച്ച് ഗെയിമുകളില്‍ ഞാന്‍ പിറകിലായി. ഒരുപാട് മെച്ചപ്പെടണമെന്ന് തോന്നുന്നു. ഹൈദരാബാദിനെതിരായ മത്സരം പോലും രാജസ്ഥാന് അനുകൂലമായി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഞാന്‍ എന്റെ പ്രകടനത്തില്‍ സന്തോഷവാനാണ്. എന്നാല്‍ സംതൃപ്തനല്ല. സ്‌പോര്‍ട്‌സ് കീഡയോട് സംസാരിക്കവെ റിയാന്‍ പരാഗ് പറഞ്ഞു. 2024ലെ ഐപിഎല്‍ സീസണിലെ 16 മത്സരങ്ങളില്‍ നിന്നും 52.9 ശരാശരിയില്‍ 573 റണ്‍സാണ് റിയാന്‍ പരാഗ് നേടിയത്. ഐപിഎല്ലിലെ പതിനേഴാം സീസണിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്താനും പരാഗിന് സാധിച്ചിരുന്നു. 4 അര്‍ധസെഞ്ചുറികളും 40 ബൗണ്ടറികളും 33 സിക്‌സുകളുമാണ് സീസണില്‍ റിയാന്‍ പരാഗ് നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article