ഐപിഎല്‍ 2024 ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടിയായി പേസര്‍ മതീഷ പതിരനയുടെ പരിക്ക്. ഹാംസ്ട്രിംഗ് ഇഞ്ചുറി വലയ്ക്കുന്ന താരത്തിന് അടുത്ത നാലോ അഞ്ചോ ആഴ്ചക്കാലം ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരുമെന്നാണ് അറിയുന്നത്. മാര്‍ച്ച് 6ന് ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യ്ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ താരത്തിനായിരുന്നില്ല.
കഴിഞ്ഞ ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ നിന്നും 19 വിക്കറ്റ് വീഴ്ത്തിയ താരം ചെന്നൈയെ വിജയികളാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. നേരത്തെ ഓപ്പണിംഗ് താരമായ കിവീസ് താരം ഡെവോണ്‍ കോണ്‍വെയ്ക്കും പരിക്ക് സ്ഥിരീകരിച്ചിരുന്നു. പെരുവിരലിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന കോണ്‍വെയ്ക്ക് ഐപിഎല്ലിന്റെ ആദ്യ പകുതിയെങ്കിലും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് പതിരനയ്ക്ക് പരിക്കേറ്റ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.
നായകന്‍ എം എസ് ധോനിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീമിലെ വലയ്ക്കുന്നതാണ് പ്രമുഖ താരങ്ങള്‍ക്കേറ്റ പരിക്ക്. ശിവം ദുബെ,അജിങ്ക്യ രഹാനെ എന്നിവര്‍ ഫോമൗട്ടാണ് എന്നുള്ളതും മികച്ച പേസര്‍മാരുടെ അഭാവവും ഇത്തവണ ചെന്നൈയെ കാര്യമായി ബാധിച്ചേക്കും. പതിരനയുടെ അഭാവത്തില്‍ മുസ്തിഫിസുര്‍ റഹ്മാനായിരിക്കും ചെന്നൈ പേസ് ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. കോണ്‍വെയ്ക്ക് പകരം മറ്റൊരു കിവീസ് താരമായ രചിന്‍ രവീന്ദ്ര ഓപ്പണറാകാനും സാധ്യതകളുണ്ട്.