IPL 2024: അവസാനം ആർസിബി കണ്ടെത്തി, കപ്പില്ലാത്തത് പേര് ശരിയല്ലാത്തത് കൊണ്ട്, പുതിയ പേര് ഈ മാസം പുറത്തുവിടും

അഭിറാം മനോഹർ

ബുധന്‍, 13 മാര്‍ച്ച് 2024 (13:13 IST)
ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ചവരെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന എ ബി ഡിവില്ലിയേഴ്‌സ്,ക്രിസ് ഗെയില്‍, വിരാട് കോലി എന്നീ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും 16 സീസണുകള്‍ പിന്നിട്ട ഐപിഎല്ലില്‍ ഒരു കിരീടനേട്ടം പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎല്ലിലെ തന്നെ ഏറ്റവും ആരാധകപിന്തുണയുള്ള ടീമും മറ്റൊന്നല്ല. ഇക്കുറി മറ്റൊരു ഐപിഎല്‍ ടൂര്‍ണമെന്റിന് ഒരുങ്ങുമ്പോള്‍ കപ്പ് നേടാനായി സ്വന്തം ടീമിന്റെ പേര് മാറ്റാനുള്ള ഒരുക്കത്തിലാണ് ഫ്രാഞ്ചൈസി.
 
ലോക്കി ഫെര്‍ഗൂസന്‍,ഫാഫ് ഡുപ്ലെസിസ്, കോലി,മാക്‌സ്വെല്‍,കാമറൂണ്‍ ഗ്രീന്‍ തുടങ്ങിയ താരങ്ങളാല്‍ ഇക്കുറിയും ശക്തമായ ബാറ്റിംഗ് നിരയാണ് ആര്‍സിബിയുടേത്. 3 തവണയാണ് ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി പരാജയപ്പെട്ടത്. ഈ തോല്‍വികള്‍ക്ക് അറുതിയിടാനായിട്ടാണ് ടീം പേരുമാറ്റത്തിന് ഒരുങ്ങുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ തന്നെയാണ് ഇത് സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നുള്ളത് ബെംഗളുരു എന്നാക്കി മാറ്റാനാണ് ടീം തീരുമാനം. മാര്‍ച്ച് 19നാകും പുതിയ പേര് പ്രഖ്യാപിക്കുക. 2014ല്‍ ബാംഗ്ലൂരിനെ ബെംഗളുരു എന്ന് പേര് മാറ്റിയിരുന്നെങ്കിലും ആര്‍സിബി തങ്ങളുടെ പേരില്‍ മാറ്റങ്ങളൊന്നും തന്നെ വരുത്തിയിരുന്നില്ല.
 
മാര്‍ച്ച് 22നാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. പേരുമാറ്റം ആര്‍സിബിയുടെ കപ്പ് വരള്‍ച്ചയ്ക്ക് അറുതി കുറിയ്ക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍