ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരെ നിരാശപ്പെടുത്തി ബൗളിങ് യൂണിറ്റിന്റെ പ്രകടനം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 210 എന്ന കൂറ്റന്‍ സ്‌കോര്‍ എടുത്തിട്ടും ചെന്നൈ പരാജയപ്പെട്ടു. ബൗളിങ് യൂണിറ്റിന്റെ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയായത്.
പേസ് ബൗളര്‍മാരില്‍ അനുഭവസമ്പത്ത് കുറഞ്ഞവരാണ് നിര്‍ണായക സമയത്ത് പന്തെറിയാന്‍ എത്തിയത്. ഇതാണ് ചെന്നൈക്ക് ആദ്യത്തെ തലവേദന. മുകേഷ് ചൗധരിയും തുഷാര്‍ ദേഷ്പാണ്ഡെയുമാണ് പേസ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നത്. ലഖ്‌നൗവിനെതിരെ ചൗധരി 3.3 ഓവറില്‍ 39 റണ്‍സും ദേഷ്പാണ്ഡെ നാല് ഓവറില്‍ 40 റണ്‍സും വിട്ടുകൊടുത്തു.
ആദം മില്‍നെ, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ എത്രയും പെട്ടന്ന് ചെന്നൈ ക്യാംപില്‍ എത്തിയില്ലെങ്കില്‍ ഇനിയും തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. പരുക്കേറ്റ ദീപക് ചഹര്‍ വിശ്രമത്തില്‍ തുടരുന്നതും ചെന്നൈക്ക് തിരിച്ചടിയാണ്. പരിചയസമ്പത്തുള്ള ആദം മില്‍നെയും ക്രിസ് ജോര്‍ദാനും എത്തിയാല്‍ ബൗളിങ് യൂണിറ്റ് കൂടുതല്‍ ശക്തിപ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.