വിനയായത് ധോണിയുടെ മണ്ടത്തരം; പാളിയ തന്ത്രവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിയും

വെള്ളി, 1 ഏപ്രില്‍ 2022 (11:59 IST)
ഐപിഎല്‍ 15-ാം സീസണില്‍ തുടര്‍ച്ചയായി രണ്ടാം തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വഴങ്ങിയത്. പടുകൂറ്റന്‍ സ്‌കോര്‍ ഉണ്ടായിട്ടും അതിനെ പ്രതിരോധിക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ല. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 210 റണ്‍സെടുത്തപ്പോള്‍ 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്‌നൗ ഇത് മറികടക്കുകയായിരുന്നു. 
 
19-ാം ഓവര്‍ തുടങ്ങുന്നതിനു മുന്‍പ് വരെ കളി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൈകളിലായിരുന്നു. ലഖ്‌നൗ തകര്‍ത്തടിക്കുന്നുണ്ടെങ്കിലും മൂന്നോ നാലോ പന്ത് ബൗണ്ടറിയില്ലാതെ കടന്നുപോയാല്‍ ജയം ഉറപ്പിക്കാമെന്ന അവസ്ഥ. അവിടെ നിന്നാണ് ചെന്നൈ എല്ലാം കൈവിട്ടത്. ശിവം ദുബെ എറിഞ്ഞ 19-ാം ഓവറില്‍ ലഖ്‌നൗ അടിച്ചുകൂട്ടിയത് 25 റണ്‍സാണ്. ഇത് കളിയുടെ ഗതി നിര്‍ണയിച്ചു. 
 
12 പന്തില്‍ 34 റണ്‍സ് ജയിക്കാന്‍ വേണ്ട സാഹചര്യത്തിലാണ് ശിവം ദുബെ ബൗളിങ്ങിനായി എത്തുന്നത്. മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ധോണിയാണ് ദുബെയ്ക്ക് പന്ത് നല്‍കിയത്. നായകന്‍ രവീന്ദ്ര ജഡേജ ആ സമയത്ത് ബൗണ്ടറി ലൈനിന് അരികെ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ശിവം ദുബെയുടെ ആദ്യ ഓവര്‍ കൂടിയായിരുന്നു അത്. 18 ഓവര്‍ പൂര്‍ത്തിയാകുന്നത് വരെ ഓരോവര്‍ പോലും ദുബെയെ കൊണ്ട് എറിയിപ്പിച്ചിരുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് നിര്‍ണായകമായ 19-ാം ഓവര്‍ ധോണി ദുബെയ്ക്ക് നല്‍കിയത്. കമന്റേറ്റര്‍മാര്‍ വരെ ഈ തീരുമാനത്തെ അതിശയത്തോടെയാണ് കണ്ടത്. 
 
ലഖ്‌നൗ താരങ്ങളായ എവിന്‍ ലൂയിസും ആയുഷ് ബദോനിയും കൂടി ദുബെയെ കണക്കിനു പ്രഹരിച്ചു. സമ്മര്‍ദത്താല്‍ ആയിരുന്നു ദുബെ ഓരോ പന്തും എറിഞ്ഞിരുന്നത്. പരിചയസമ്പത്ത് കുറഞ്ഞ ദുബെയ്ക്ക് ആ സമയത്ത് പന്ത് കൊടുത്തത് വിവേകശൂന്യമായ നടപടിയെന്നാണ് മത്സരശേഷം വിലയിരുത്തപ്പെട്ടത്. ആ തീരുമാനത്തിനു പിന്നില്‍ സാക്ഷാല്‍ മഹേന്ദ്രസിങ് ധോണിയും ! 19-ാം ഓവറില്‍ 25 റണ്‍സ് പിറന്നതോടെ കളി ലഖ്‌നൗവിന്റെ വരുതിയിലായി. പിന്നീട് അവസാന ഓവറില്‍ ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും ഒന്‍പത് റണ്‍സ്. നായകന്‍ രവീന്ദ്ര ജഡേജയ്ക്ക് അടക്കം രണ്ട് ഓവര്‍ ശേഷിക്കെയാണ് നിര്‍ണായകമായ 19-ാം ഓവര്‍ എറിയാന്‍ പരിചയസമ്പത്ത് കുറഞ്ഞ ശിവം ദുബെയെ ധോണി പന്ത് ഏല്‍പ്പിച്ചത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍