ഐപിഎൽ ടീമുകൾക്ക് ആശ്വാസം, സീസൺ നഷ്ടമാകുന്ന താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താൻ ഇളവുമായി ബിസിസിഐ

അഭിറാം മനോഹർ

വെള്ളി, 14 മാര്‍ച്ച് 2025 (19:34 IST)
മാര്‍ച്ച് 22ന് പുതിയ ഒരു ഐപിഎല്‍ സീസണിന് കൂടെ തുടക്കമാവുകയാണ്. പൊതുവെ ഐപിഎല്ലില്‍ സ്‌ക്വാഡ് നിയന്ത്രണങ്ങള്‍ വളരെ കര്‍ശനമാണ്. എന്നാല്‍ പുതിയ സീസണോടെ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയോ പിന്മാറുകയോ ചെയ്താല്‍ ഇനി മുതല്‍ ടീമുകള്‍ക്ക് ഇളവുകള്‍ ഉണ്ടായിരിക്കും. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തിലാണ് പ്രത്യേകിച്ചും ഇളവുള്ളത്.
 
 ടീമുമായി കരാറിലേര്‍പ്പെട്ട വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കളിക്കാനാവാത്ത സ്ഥിതിയുണ്ടായാല്‍ ഒരു താത്കാലിക പകരക്കാരനുമായി കരാറിലേര്‍പ്പെടാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കും. ഇതിനായി പ്രത്യേക അനുമതി ബിസിസിഐയില്‍ നിന്നും വാങ്ങണം. പരുക്ക് പറ്റുന്ന പശ്ചാത്തലത്തില്‍ താരത്തിന് കായിക ക്ഷമത വീണ്ടെടുക്കാന്‍ സാധിക്കുന്ന വരെയാകും താത്കാലിക കരാറിന്റെ കാലാവധി. ഇത്തരത്തില്‍ ലേലത്തില്‍ ടീമുകളൊന്നും വാിക്കാത്ത താരങ്ങളെ പട്ടികയില്‍ നിന്നും തിരെഞ്ഞെടുത്ത് കരാറില്‍ ഏര്‍പ്പെടാവുന്നതാണ്.
 
പകരക്കാരനെ കണ്ടെത്തണമെങ്കില്‍ ടീമിലെ താരത്തിന് സീസണിലെ 12മത് ലീഗ് മത്സരത്തിന് മുന്‍പ് പരുക്ക് പറ്റുകയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ചെയ്യണം. താരം ഭാഗമായിട്ടുള്ള ദേശീയ ടീമിന്റെ ക്രിക്കറ്റ് ബോര്‍ഡിന്റെയും ബിസിസിഐ അംഗീകൃത ഡോക്ടറുടെയും സ്ഥിരീകരണം ഇതിനായി ആവശ്യമാണ്. ഇതിന് പുറമെ കരാറിലേര്‍പ്പെട്ട താരത്തിന് തന്റെ ബോര്‍ഡില്‍ നിന്നും കളിക്കാന്‍ അനുമതി ലഭിക്കാതെ വന്നാലും ടീമുകള്‍ക്ക് പകരക്കാരെ കണ്ടെത്താം. ഇത്തരത്തില്‍ വരുന്ന പകരക്കാരന്റെ ശമ്പളം സീസണ്‍ നഷ്ടമാകുന്ന താരത്തേക്കാള്‍ കൂടാന്‍ പാടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍