ലോകകപ്പിന് ദിവസങ്ങള്‍ മാത്രം; ഐപിഎല്ലില്‍ കടുത്ത തീരുമാനവുമായി കോഹ്‌ലി
ശനി, 23 മാര്‍ച്ച് 2019 (11:26 IST)
ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വിരുന്നെത്തിയ ഐപിഎല്‍ സീസണ്‍ താരങ്ങള്‍ക്ക് വെല്ലുവിളിയാണ്. ശരീരത്തെ ക്ഷീണിപ്പിക്കാതെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുകയെന്ന കഠിനമായ ഉത്തരവാദിത്വമാണ് ലോകകപ്പ് ഫേവറേറ്റുകളായ വിരാട് കോഹ്‌ലിക്കും സംഘത്തിനുമുള്ളത്.
ലോകകപ്പിന് മുമ്പ് പരുക്കിന്റെ പടിയിലായാല്‍ ടീമിന്റെ തന്ത്രങ്ങള്‍ പാളും. ഈ സാഹചര്യം മുന്നില്‍ കണ്ട് ഐപിഎല്ലിലെ ചില മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകനായ കോഹ്‌ലി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോടാണ് ക്യാപ്‌റ്റന്‍ ഇക്കാര്യം പറഞ്ഞത്.
ഐപിഎല്ലിനിടെ താരങ്ങള്‍ എങ്ങനെ വിശ്രമം എടുക്കുമെന്ന് അറിയില്ല. ശരീരത്തിന്റെ ബാലന്‍സ് സൂക്ഷിക്കാന്‍ എല്ലാം പ്രൊഫഷണലുകള്‍ക്കും അറിയാം. പരുക്കേല്‍ക്കാതെ നോക്കുക എന്നത് വ്യക്തിപരമായ കടമയാണ്. ഫിസിയോ കളിക്കരുതെന്ന് പറഞ്ഞാല്‍ താരങ്ങള്‍ ആ ആവശ്യത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും കോഹ്‌ലി വ്യക്തമാക്കി.
രാജ്യാന്തര ക്രിക്കറ്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച ടീമാണ് ഇന്ത്യ. വിദേശ പര്യടനങ്ങള്‍ ഉള്‍പ്പെടെ ടീമിലെ മിക്കവരും മൂന്നു ഫോർമാറ്റുകളിലും കളിച്ചു. ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ച ധോണിക്ക് വിശ്രമം ലഭിച്ചപ്പോള്‍ കോഹ്‌ലി ടീമിനൊപ്പം സജീവമായിരുന്നു.
ഇതിനു പിന്നാലെയാണ് ഒന്നര മാസത്തിലേറെ നീളുന്ന ഐപിഎൽ മത്സരങ്ങള്‍. ഇടവേളകളില്ലാത്ത ഈ മൽസരങ്ങൾക്കു പിന്നാലെയാണ് ഐപിഎല്ലും വരുന്നത്. ഓരോ ടീമിനും പ്രാഥമികഘട്ടത്തിൽ തന്നെ 14 മൽസരങ്ങൾ കളിക്കേണ്ടതുണ്ട്. ഇതോടെ പല താരങ്ങളും ക്ഷീണിതരാകും.
മേയ് 12നു ഐപിഎൽ സീസണ്‍ അവസാനിക്കുകയും മേയ് 30ന് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുകയും ചെയ്യും. ഇതാണ് താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാകുന്നത്.