‘ഓസീസിനെതിരെ തോറ്റത് നന്നായി, ലോകകപ്പില്‍ എന്ത് സംഭവിക്കുമെന്ന് കോഹ്‌ലിക്കും സംഘത്തിനും മനസിലായി കാണും’; നിലപാട് കടുപ്പിച്ച് ദ്രാവിഡ്
ഇംഗ്ലണ്ടിൽ പോയി അത്രയെളുപ്പം ലോകകപ്പും നേടി മടങ്ങാമെന്ന് വിരാട് കോഹ്‌ലിയും സംഘവും കരുതേണ്ടെന്ന് രാഹുൽ ദ്രാവിഡ്.
വളരെ എളുപ്പത്തില്‍ ലോകകപ്പ് നേടാമെന്ന് ഇന്ത്യന്‍ ടീം കരുതിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്‌ടമായതോടെ ഇന്ത്യയുടെ ആത്മവിശ്വാസത്തില്‍ ഇടിവ് സംഭവിച്ചു. ഈ പരമ്പര നഷ്‌ടം ടീമിനുള്ള മുന്നറിയിപ്പാണെന്നും ദ്രാവിഡ് പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരായ തോല്‍വി ഒരു അനുഗ്രഹമാണ്. ഒന്നാം നമ്പർ ടീമെന്ന പദവിയും ടീം രാജ്യാന്തര ക്രിക്കറ്റിൽ പുലർത്തുന്ന അധീശത്വം കൊണ്ടും ഇക്കുറി ഇന്ത്യ അനായാസം ലോകകപ്പ് നേടുമെന്ന ചിന്തയുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
അതീവ ശ്രദ്ധയോടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യക്ക് കിരീടം നേടാനാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കാര്യങ്ങൾ ഇനിയങ്ങോട്ട് കൂടുതൽ കഠിനമാകും. മികച്ച പ്രകടനം പുറത്തെടുത്താലേ രക്ഷയുള്ളൂ. എങ്കിലും കിരീട സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലാണെന്നും മുൻ ഇന്ത്യൻ താരവും ഇന്ത്യ എ, അണ്ടർ 19 ടീമുകളുടെ പരിശീലകനുമായ ദ്രാവിഡ് പറഞ്ഞു.