ദ്രാവിഡിന്റെ വിമര്‍ശനത്തില്‍ കാര്യമുണ്ട്; ശ്രദ്ധിക്കേണ്ടത് കോഹ്‌ലിയാണ് - ലോകകപ്പ് കുട്ടിക്കളിയല്ല!
വെള്ളി, 22 മാര്‍ച്ച് 2019 (19:56 IST)
ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന ഏകദിന ലോകകപ്പ് ഇന്ത്യക്ക് കഠിനമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പല കോണുകളില്‍ നിന്നും ഉയരുകയാണ്. ശക്തമായ ബാറ്റിംഗ് നിരയും ബോളിംഗ് വിഭാഗവുമുണ്ടെങ്കിലും വിരാട് കോഹ്‌ലിയുടെയും കൂട്ടരുടെയും സാധ്യതകള്‍ തുലാസിലാണ്.
ഇംഗ്ലണ്ടിനും ഇന്ത്യക്കും തുല്യ സാധ്യതയാണെന്ന് പറഞ്ഞ മുന്‍ താരങ്ങളടക്കമുള്ളവര്‍ നിലപാട് മാറ്റിക്കഴിഞ്ഞു. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ എന്നീ ടീമുകള്‍ കിരീട പോരാട്ടത്തില്‍ മുന്നിലാണെന്നാണ് നിലവിലെ വിലയിരുത്തല്‍. ലോകകപ്പ് പ്രവചനങ്ങളില്‍ ഒന്നാമത് നിന്നിട്ടും ഇന്ത്യയെ പിന്നിലേക്ക് വലിച്ചിട്ടത് ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ പരമ്പര നഷ്‌ടപ്പെടുത്തിയ പ്രകടനമാണ്.
ഈ സാഹചര്യം കണക്കിലെടുത്താണ് രാഹുൽ ദ്രാവിഡ് ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് അത്രയെളുപ്പം ലോകകപ്പും നേടി മടങ്ങാമെന്ന് കോഹ്‌ലിയും സംഘവും കരുതേണ്ടെന്ന് ദ്രാവിഡ് തുറന്നടിച്ചു.
വളരെ എളുപ്പത്തില്‍ ലോകകപ്പ് നേടാമെന്ന് ഇന്ത്യന്‍ ടീം കരുതിയിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്‌ടമായതോടെ ഇന്ത്യയുടെ ആത്മവിശ്വാസത്തില്‍ ഇടിവ് സംഭവിച്ചു. ഈ പരമ്പര നഷ്‌ടം ടീമിനുള്ള മുന്നറിയിപ്പും അനുഗ്രഹവുമാണ്.
ഒന്നാം നമ്പർ ടീമെന്ന പദവിക്കൊപ്പം ടീം രാജ്യാന്തര ക്രിക്കറ്റിൽ പുലർത്തുന്ന അധീശത്വം കൊണ്ടും ഇക്കുറി ഇന്ത്യ അനായാസം ലോകകപ്പ് നേടുമെന്ന ചിന്തയുണ്ടായിരുന്നു. അതാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.
അതീവ ശ്രദ്ധയോടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യക്ക് കിരീടം നേടാനാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ കഠിനമാകും. മികച്ച പ്രകടനം പുറത്തെടുത്താലേ രക്ഷയുള്ളൂ.
ഓസീസിനെതിരെ പരമ്പര നഷ്‌ടമായെങ്കിലും ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിൽ മുന്നിൽത്തന്നെയുണ്ട് ഇന്ത്യ. കിരീടം നേടാനുള്ള കരുത്ത് ഇപ്പോഴും ടീമിനുണ്ട്. സംഭവിച്ച കാര്യങ്ങളില്‍ അസ്വാഭാവികതയുള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്രാവിഡിന്റെ ഈ വാക്കുകള്‍ കോഹ്‌ലിക്കുള്ള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിലെ വേഗമുള്ള പിച്ചും കാലാവസ്ഥയും ഇന്ത്യക്ക് വെല്ലുവിളിയാകും. ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ബോളിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും നാലാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ഓസീസ് മറികടന്നത് ശ്രദ്ധേയമാണ്.
ശക്തമായ ബാറ്റിംഗ് നിരയുണ്ടായിട്ടും മൂന്നാം ഏകദിനത്തിലും അഞ്ചാം ഏകദിനത്തിലും പിന്തുടര്‍ന്ന് ജയിക്കാന്‍ ഇന്ത്യക്കായില്ല. നിര്‍ണായക ബാറ്റിംഗ് പൊസിഷനായ നാലാം നമ്പറില്‍ ആരും തിളങ്ങാത്തതും അമ്പാട്ടി റായുഡുവിന്റെ മോശം പ്രകടനവും ലോകകപ്പില്‍ കോഹ്‌ലിപ്പടയ്‌ക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ടീമിനെതിരെ ദ്രാവിഡ് വിമര്‍ശനം നടത്തിയത്.