ഇയാളെന്തൊരു മനുഷ്യനാണ്? ആ തീരുമാനം ശരിയായിരുന്നു- ഇക്കാര്യത്തിൽ പുലിയാണ് ധോണി!

ശനി, 11 മെയ് 2019 (12:26 IST)
ഇനി അങ്കത്തട്ടിൽ ചെന്നൈയും മുംബൈയും ഏറ്റുമുട്ടും. ഡൽഹി ക്യാപിറ്റൽ‌സിനെതിരെ ശക്തമായ പോരാട്ടം കാഴ്ച വെച്ച് ചെന്നൈ ഇനി ഏറ്റുമുട്ടാൻ ഒരുങ്ങുന്നത് മൂന്ന് തവണയും തങ്ങളെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസിനോടാണ്. അവസാന കളിയിൽ മുംബൈയോട് ഏറ്റുവാങ്ങിയ തോൽ‌വിയുടെ കണക്ക് ചെന്നൈ തീർത്തത് ഡൽഹിയോടാണ്.
 
പതിവു പോലെ തന്നെ ധോണിയുടെ ഇടപെടല്‍ ഇന്നലത്തെ കളിയിലും ശ്രദ്ധേയമായി. ടോസ് നേടിയ ധോണി ഡല്‍ഹിയെ ബാറ്റിംഗിന് അയച്ചതായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പിന്നീട് ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയ വിക്കറ്റിന് പിന്നിലും ധോണിയുടെ നിര്‍ണായക ഡിആര്‍എസ് കോള്‍ കാരണമായി.
 
ഇതോടെ ധോണിയുടെ ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗപ്പെടുത്തുന്നതിലുള്ള അഗ്രഗണ്യത ഒരിക്കല്‍ കൂടി വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകം. ധോണിയെന്ന മാന്ത്രികന്റെ സൂഷ്മ നിരീക്ഷണ പാഠവും മറ്റൊരു കളിക്കാരനും അവകാശപ്പെടാൻ കഴിയില്ല. കണ്ണിനകത്ത് ക്യാമറ ഫിറ്റ് ചെയ്ത് നടക്കുകയാണോ എന്ന് പോലും ചിലപ്പോൾ തോന്നി പോകും. അത്തരമൊരു സംഭവം ഡൽഹിക്കെതിരായ കളിയും അരങ്ങേറി. 
 
ഡല്‍ഹി ഇന്നിംഗ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു ധോണി തന്റെ ഡി ആര്‍ എസ് തീരുമാനത്തിലൂടെ ടീമിന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ദീപക് ചഹര്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷായുടെ വലത്തേ കാലില്‍ കൊണ്ടു. തുടര്‍ന്ന് ചാഹറും ചെന്നൈ താരങ്ങളും എല്‍ ബി ഡബ്ല്യൂ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നിഷേധിച്ചു.
 
എന്നാല്‍ അത് വിക്കറ്റാണെന്ന് ധോണിക്ക് ഉറപ്പായിരുന്നു. അമ്പയറുടെ തീരുമാനത്തിനേക്കാൾ ധോണിയുടെ തീരുമാനമായിരുന്നു ശരിയെന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടിയായിരുന്നു അത്. വിക്കറ്റാണെന്ന് ഉറപ്പായിരുന്ന ധോണി ഡി ആര്‍ എസ് ആവശ്യപ്പെടുകയായിരുന്നു. റിപ്ലേ പരിശോധനയില്‍ ധോണിയുടെ തീരുമാനം ശരിവെയ്ക്കുന്ന വിധത്തിലാണ് മൂന്നാം അമ്പയറുടെ വിധിയുണ്ടായത്. ഡല്‍ഹി മികച്ച തുടക്കത്തിലേക്ക് നീങ്ങുമ്പോള്‍ ലഭിച്ച ഈ വിക്കറ്റ് കളിയുടെ ഗതി തന്നെ മാറ്റി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍