സെപ്റ്റംബർ 22, ഇന്ന് ലോക റോസ് ദിനം !

കെ ആര്‍ അനൂപ്
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (09:22 IST)
സെപ്റ്റംബർ 22, ഇന്ന് ലോക റോസ് ദിനം. കാണാനഴകുള്ള റോസാപ്പൂക്കളുടെ ദിനം. പ്രണയിതാക്കൾക്ക് വേണ്ടി മാറ്റിവെക്കപ്പെട്ടതല്ല, മറിച്ച് ക്യാൻസർ രോഗികൾക്ക് വേണ്ടിയാണ് ഈ ദിനം. അവരെ പരിചരിക്കുന്നതിനും അവർക്ക് സ്നേഹം നൽകാൻ പ്രേരിപ്പിക്കാൻ കൂടിയാണ് ഈ ദിനം.
 
12 വയസ്സുകാരി മെലിന്‍റെ റോസിന്‍റെ ഓര്‍മ്മയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്. തൻറെ പന്ത്രണ്ടാം വയസ്സിൽ അപൂർവ രക്താർബുദം ബാധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മരിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഈ കൊച്ചു ബാലിക, ചിരിയോടെ രോഗത്തിനെതിരെ പൊരുതി ചുറ്റുമുള്ള രോഗികൾക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷ നൽകിയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ആറുമാസത്തോളം സന്തോഷത്തോടെയും പ്രതീക്ഷയോടെയും ജീവിച്ച അവൾ 1994 സെപ്തംബർ 22-നാണ് മരണത്തിനു കീഴടങ്ങിയത്. ഈ ദിനമാണ് റോസ് ദിനമായി ആചരിക്കുന്നത്.
 
ക്യാൻസറിനെ പലരും പേടിയോടെയാണ് നോക്കി കാണുന്നത്. അതിനാൽ തന്നെ ക്യാൻസർ രോഗികൾക്ക് സ്നേഹം പ്രകടിപ്പിക്കാനായി ഭംഗിയുള്ള റോസാപ്പൂ ചിരിയോടു കൂടി  സമ്മാനിക്കാം. അർബുദ രോഗികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ പ്രകാശം പരത്താം. ക്യാന്‍സര്‍ ബാധിതരായവര്‍ക്ക്  സന്തോഷവും ആശ്വാസവും പകരുന്നതിനായാണ് ലോക് റോസ് ദിനം ആചരിക്കുന്നത്.  
 
ഈ ദിവസത്തിൽ ആശുപത്രിയിലും വീട്ടിൽ ചികിത്സയിലും കഴിയുന്ന രോഗികള്‍ക്ക് സ്നേഹത്തിൻറെ സൂചകമായ റോസാപ്പൂക്കൾ നൽകും. ഈ രോഗം ചികിത്സിച്ച് മാറ്റാവുന്ന രോഗമാണെന്ന സന്ദേശം ജനങ്ങൾക്കിടയിലേക്ക് എത്തിക്കാനാകും എന്ന വലിയൊരു ലക്ഷ്യം ഇതിനു പിന്നിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article