'നിങ്ങള്‍ എന്ത് വൃത്തികേടാണ് ഇവിടെ ചെയ്യുന്നത്?' 'ഈ സൂര്യകാന്തി വിത്ത് പോക്കറ്റില്‍ സൂക്ഷിക്കുക, നിങ്ങള്‍ മരിക്കുമ്പോള്‍ അതെങ്കിലും വളരട്ടെ'; റഷ്യന്‍ പട്ടാളക്കാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി യുക്രൈന്‍ വനിത
യുക്രൈനിലെ റഷ്യന്‍ സൈനിക നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. യുക്രൈനിലെ സാധാരണക്കാരും റഷ്യന്‍ സൈനികര്‍ക്കെതിരെ രംഗത്തെത്തി. റഷ്യന്‍ സൈനികനെതിരെ രൂക്ഷ ഭാഷയില്‍ സംസാരിക്കുന്ന യുക്രൈന്‍ വനിതയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
തെരുവില്‍ നില്‍ക്കുന്ന റഷ്യന്‍ സൈനികനെ ചോദ്യം ചെയ്യുന്ന യുക്രൈന്‍ വനിതയെയാണ് വീഡിയോയില്‍ കാണുന്നത്. 'നിങ്ങളൊക്കെ ആരാണ്?' എന്നാണ് വനിത സൈനികരോട് ചോദിക്കുന്നത്. തങ്ങള്‍ റഷ്യന്‍ സൈനികരാണെന്നും ഇവിടെ രാവിലെ വ്യായാമം ചെയ്യാന്‍ എത്തിയതാണെന്നും സൈനികന്‍ ഈ സ്ത്രീയോട് പറയുന്നു. ഞങ്ങള്‍ ഇവിടെ വ്യായാമം ചെയ്യുന്നതിനാല്‍ നിങ്ങള്‍ മറ്റൊരു വഴിയിലൂടെ പോകൂ എന്നാണ് സൈനികന്‍ യുക്രൈന്‍ വനിതയോട് പറയുന്നത്.
ഉടനെ തന്നെ ആ സൈനികന്റെ മുഖത്ത് നോക്കി, 'നിങ്ങള്‍ എന്തൊക്കെ വൃത്തികേടാണ് ഇവിടെ ചെയ്തുകൂട്ടുന്നത്' എന്ന് യുക്രൈന്‍ വനിത ചോദിക്കുന്നു. നിങ്ങള്‍ പിടിച്ചടക്കുന്നവരും ഫാസിസ്റ്റുകളുമാണെന്ന് സ്ത്രീ സൈനികന്റെ മുഖത്തു നോക്കി പറഞ്ഞു.