ഇന്ത്യന്‍ റസ്‌റ്റോറന്റുകളില്‍ വ്യാപക പരിശോധന; അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ യുകെയിലും 'ട്രംപ് മോഡല്‍'

രേണുക വേണു
ബുധന്‍, 12 ഫെബ്രുവരി 2025 (10:37 IST)
Britain

അനധികൃത കുടിയേറ്റത്തിനെതിരെ 'ട്രംപ് മോഡല്‍' നീക്കവുമായി യുകെ. യുഎസ് മാതൃകയില്‍ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് മടക്കി അയക്കാന്‍ യുകെ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവരെ മടക്കി അയക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 
 
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍, നെയില്‍ ബാര്‍സ്, കാര്‍ വാഷ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് യുകെ സര്‍ക്കാര്‍ പരിശോധന നടത്തുന്നത്. ഇവിടങ്ങളില്‍ അനധികൃതമായി ജോലി ചെയ്യുന്ന ഇന്ത്യക്കാരുണ്ടെന്നാണ് സര്‍ക്കാരിനു ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. 
 
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അവെറ്റ് കൂപ്പറിന്റെ നേതൃത്വത്തില്‍ ജനുവരിയില്‍ രാജ്യത്തെ 828 സ്ഥാപനങ്ങളില്‍ റെയ്ഡ് നടന്നതായും 609 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും പറയുന്നു. അനധികൃത കുടിയേറ്റക്കാരില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 48 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായും സര്‍ക്കാര്‍ പറയുന്നു. 
 
വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നിന്ന് ഏഴ് അനധികൃത കുടിയേറ്റക്കാരെയാണ് പിടികൂടിയത്. എല്ലാ വിഭാഗങ്ങളിലും അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article