ബ്രസീലിന് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; എട്ടു രാജ്യങ്ങള്‍ക്ക് കൂടി പുതിയ തീരുവ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 11 ജൂലൈ 2025 (14:13 IST)
ബ്രസീലിന് 50 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എട്ടു രാജ്യങ്ങള്‍ക്ക് കൂടി പുതിയ തീരുവ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിനു പുറമേ അല്‍ജീരിയ, ബ്രൂണെ, ഇറാക്ക്, ലിബിയ, മോള്‍ഡോവ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കാണ് തീരുവ സംബന്ധിച്ച് കത്തുകള്‍ ഡൊണാള്‍ഡ് ട്രംപ് അയച്ചിട്ടുള്ളത്.
 
ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ഇത് പങ്കുവെച്ചിട്ടുണ്ട്. അല്‍ജീരിയ, ഇറാക്ക്, ലിബിയ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് 30% തീരുവയും ബ്രൂണെ, മോള്‍ഡോവ എന്നീ രാജ്യങ്ങള്‍ക്ക് 25 ശതമാനവും ഫിലിപ്പിന്‍സിന് 20 ശതമാനവും തീരുവ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്നുമുതലാണ് പുതിയ തീരുവ നിലവില്‍ വരുന്നത്. ഏപ്രില്‍ മാസത്തിലെ തുടക്കത്തില്‍ ബ്രസീലിനുമേല്‍ അമേരിക്ക 10% താരിഫ് ചുമത്തിയിരുന്നു. 
 
ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇത് ബ്രസീലിയന്‍ പ്രസിഡന്റ് തള്ളിക്കളയുകയും ചെയ്തു. ലോകം മാറിയെന്നും നമുക്കൊരു ചക്രവര്‍ത്തിയെ വേണ്ടെന്നും ബ്രസീലിയന്‍ പ്രസിഡന്റ് രൂക്ഷമായി പ്രതികരിച്ചു. ലോകത്തിന് യുഎസ് ഡോളറിനു പുറമേ മറ്റു വ്യാപാര മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം തിങ്കളാഴ്ച പറഞ്ഞിരുന്നു. നമ്മുടെ വ്യാപാരബന്ധങ്ങള്‍ ഡോളറിലൂടെ കടന്നു പോകേണ്ടതില്ലാത്ത ഒരു മാര്‍ഗ്ഗം ലോകം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍