ഇന്ത്യൻ വംശജനായ പുരോഹിതൻ തന്റെ മേൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി 2021ലെ മിസ് ഗ്രാൻഡ് മലേഷ്യ ജേതാവായ ലിഷാലിനി കനാരൻ. ജൂൺ 21ന് ഒരു ഹിന്ദു ക്ഷേത്രത്തിൽ വെച്ച് പൂജ ചെയ്യുന്നതിനിടെ അനുഗ്രഹിക്കാനെന്ന വ്യാജേന എത്തിയാണ് പുരോഹിതൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് യുവതിയുടെ പരാതി. പുണ്യജലം തളിക്കാനെന്ന വ്യാജേന അടുത്തെത്തിയ ശേഷം പൂജാരി തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ലിഷാലിനി ആരോപിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് തനിക്ക് നേരിട്ട ദുരനുഭവം ലിഷാലിനി പുറം ലോകത്തെ അറിയിച്ചത്.
ജൂൺ 21ന് തൻ്റെ അമ്മ ഇന്ത്യയിലായിരുന്നതിനാൽ ഒറ്റയ്ക്കാണ് സെപാങ്ങിലെ മാരിയമ്മൻ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്. പ്രാർഥനകൾക്കും ആചാരങ്ങൾക്കും തന്നെ സഹായിക്കാൻ പുരോഹിതനെത്തും. സംഭവദിവസം വിശുദ്ധജലവും ചരടും അയാൾ കരുതിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു.സാധാരണ ഭക്തർക്ക് നൽകാത്തതാണെന്ന് പറഞ്ഞ് റോസിൻ്റെ രൂക്ഷഗന്ധമുള്ള ജലം എൻ്റെ മുകളിൽ തളിച്ചു. ഇത് തളിക്കുന്നതിനിടെ ഞാൻ ധരിച്ചിരുന്ന പഞ്ചാബി സ്യൂട്ട് ഉയർത്താൻ പറഞ്ഞു. ബ്ലൗസ് ഇറുകിയതാണെന്നും ഉയർത്താനാകില്ലെന്നും പറഞ്ഞപ്പോൾ വഴക്ക് പറഞ്ഞു. ഇതിനിടയിൽ പിന്നിലൂടെ വന്ന് ബ്ലൗസിൽ കൈവെച്ചെന്നും തെറ്റെന്ന് അറിയാമായിരുന്നിട്ടും ആ നിമിഷം പ്രതികരിക്കാൻ പോലുമാവാതെ അനങ്ങാതെ നിന്നെന്നും ഒരു മരവിപ്പാണ് തോന്നിയതെന്നും യുവതി എഴുതി.