'എല്ലാം പ്രസിഡന്റ് പറയും പോലെ'; ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ലെന്ന് ഉത്തരവിറക്കി

രേണുക വേണു

ശനി, 15 ഫെബ്രുവരി 2025 (08:46 IST)
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട് പ്രകാരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎസ് സൈന്യം. ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കി യുഎസ് സൈന്യം ഔദ്യോഗിക ഉത്തരവിറക്കി. 
 
' യുഎസ് സൈന്യം ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടത്തുകയോ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയോ ചെയ്യുന്നത് നിര്‍ത്തും' യുഎസ് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. 
 
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നാണ് ട്രംപ് നേരത്തെ പറഞ്ഞത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ വ്യക്തിപരമായ ജീവിതത്തില്‍ അച്ചടക്കം പുലര്‍ത്താത്തവര്‍ ആണെന്നും സൈന്യത്തോടു കൂറ് പുലര്‍ത്താത്തവര്‍ ആണെന്നും ട്രംപ് പറഞ്ഞിരുന്നു. 
 
' ഇനിമുതല്‍ ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങള്‍ മാത്രമേ യുഎസില്‍ ഉള്ളൂ,' എന്നാണ് രണ്ടാമത് അധികാരത്തിലെത്തിയതിനു പിന്നാലെ ട്രംപ് പറഞ്ഞത്. 2016 ല്‍ ഒബാമയുടെ ഭരണകാലത്ത് സൈന്യത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിലക്ക് പിന്‍വലിച്ചിരുന്നു. താന്‍ അധികാരത്തിലെത്തിയാല്‍ ഈ വിലക്ക് തിരികെ കൊണ്ടുവരുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് സമയതത് വാഗ്ദാനം ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍