ഷങ്കറിന്റെയോ രജനികാന്തിന്റെയോ യന്തിരനല്ല; ജപ്പാനില്‍ ഇറങ്ങുന്ന റോബോട്ടുകള്‍ ലോകത്തെ ഞെട്ടിക്കും - ചൈനയിലും ഹിറ്റാകും

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (20:34 IST)
ലോകത്തെ അത്ഭുതപ്പെടുത്തുന്നതില്‍ ഒരു മടിയും കാണിക്കാത്ത രാജ്യമാണ് ജപ്പാന്‍. കുട്ടികളെ പരിപാലിക്കുന്നത് മുതല്‍ വീട്ടിലെ ജോലി ചെയ്യാന്‍വരെ റോബോട്ടുകളെ നിയോഗിക്കുന്ന ജപ്പാന്‍ നാലുവര്‍ഷങ്ങള്‍ക്കപ്പുറം നടക്കുന്ന ടോക്യോ ഒളിമ്പിക്‍സില്‍ യന്ത്ര മനുഷ്യന്മാരെ കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എല്ലാ അര്‍ഥത്തിലും ചൈനയുമായി മത്സരിക്കുന്ന ജപ്പാന്‍ ബീജിംഗിലെ കിളിക്കൂട് സ്റ്റേഡിയം സമ്മാനിച്ച അത്ഭുതങ്ങളേക്കാള്‍ വമ്പന്‍ നിമിഷങ്ങളാണ് ലോകത്തിന് സമ്മാനിക്കുക എന്നാണ് അറിയുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ ജപ്പാന്‍ ആരംഭിച്ചു കഴിഞ്ഞു.

റോബോട്ടുകളായിരിക്കും ഒളിമ്പിക്‍സിനെ നിയന്ത്രിക്കുക. നഗരങ്ങളിലെ ട്രാഫിക് സംവിധാനം മുതല്‍ സ്റ്റേഡിയത്തിലെ സീറ്റുകളിലേക്ക് ആളുകളെ നയിക്കുന്നതുവരെ ഇവരായിരിക്കും. ഒറ്റ റോബോട്ടിലൂടെ 370 വോളണ്ടിയര്‍മാരുടെ സേവനം സാധ്യമാവുന്നെന്നാണ് ശാസ്ത്രസംഘത്തിന്റെ കണ്ടെത്തല്‍.

ഒളിമ്പിക്‍സില്‍ ഇതുവരെ മനുഷ്യര്‍ തുടര്‍ന്നുവന്ന പല കാര്യങ്ങളും ടോക്യോയില്‍ ചെയ്യുന്നത് റോബോട്ടുകളായിരിക്കും. സ്‌റ്റേഡിയത്തിലെയും ഒളിമ്പിക്‍സ് വില്ലേജിലെയും ഓരോ ചലനവും അപ്പപ്പോള്‍ സ്‌മാര്‍ട്ട് ഫോണിലൂടെ അറിയിക്കും. 60 ശതമാനം കാര്യങ്ങളും റോബോട്ടുകളെ കൊണ്ട് ചെയ്യിക്കാനാണ് ജപ്പാന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ശാസ്ത്രസാങ്കേതിക വിദ്യയില്‍ രാജ്യത്തിന്റെ കരുത്ത് മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്ന ഒളിമ്പിക്‍സിന്റെ  ഉദ്ഘാടന ചടങ്ങില്‍ കൃതൃമ ഉല്‍ക്കാ വര്‍ഷമാണ് ജപ്പാന്‍ പദ്ധതിയിടുന്നത്. റിയോയിലെ കായിക മമാങ്കം അവസാനിച്ച് അടുത്ത ഒളിമ്പിക് പതാക ജപ്പാന് കൈമാറിയ ചെറിയ നിമിഷത്തിനുള്ളില്‍ തന്നെ അവര്‍ ലോകത്തെ ഞെട്ടിച്ചിരുന്നു.  
Next Article