ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ 'ടൈറ്റന്‍' പേടകം തകര്‍ന്നു; അഞ്ച് യാത്രക്കാരും മരിച്ചെന്ന് റിപ്പോര്‍ട്ട്

Webdunia
വെള്ളി, 23 ജൂണ്‍ 2023 (09:04 IST)
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനി 'ടൈറ്റന്‍' തകര്‍ന്നെന്നും അഞ്ച് യാത്രക്കാരും മരിച്ചതായും ഓഷ്യന്‍ ഗേറ്റ് അറിയിച്ചു. ടൈറ്റാനിക്കിന് സമീപം പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പേടകം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഒരു നൂറ്റാണ്ട് മുന്‍പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ച് പേരുമായി പോയ ജലപേടകമാണ് 'ടൈറ്റന്‍'. 
 
കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാകാമെന്നാണ് നിഗമനം. ഒരു സ്‌ഫോടനത്തിനു സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നാണ് വിവരം. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാക്കിസ്ഥാനി ബിസിനസുകാരന്‍ ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ സിഇഒ സ്‌റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തില്‍ ഉണ്ടായിരുന്നവര്‍. 
 
കടലിന്റെ അടിത്തട്ടില്‍ ടൈറ്റാനിക് കപ്പലിന്റെ സമീപത്തുനിന്ന് ടൈറ്റന്‍ പേടകത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ യാത്രക്കാര്‍ മരിച്ചെന്നു അഭ്യൂഹം പടര്‍ന്നിരുന്നു. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് പേടകത്തിന്റെ അവശിഷ്ടം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെടുക്കാനാകുമോ എന്നത് പറയാന്‍ കഴിയില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article