Yahya sinwar: രക്തസാക്ഷി മരിക്കുന്നില്ല, അവര്‍ പോരാട്ടത്തിന് പ്രചോദനം, യഹിയ സിന്‍വറിന്റെ മരണത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍

അഭിറാം മനോഹർ
വെള്ളി, 18 ഒക്‌ടോബര്‍ 2024 (12:38 IST)
ഹമാസ് തലവന്‍ യഹ്യ സിന്‍വറിന്റെ കൊലപാതകത്തിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാന്‍. പ്രതിരോധം ശക്തിപ്പെടുത്തുമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ ഇറാന്‍ വ്യക്തമാക്കിയത്. പലസ്തീന്‍ വിമോചനത്തിനായി യഹ്യ സിന്‍വര്‍ നടത്തിയ പോരാട്ടം യുവാക്കള്‍ക്കും കുട്ടികള്‍ക്കും മാതൃകയാകും. അധിനിവേശവും അക്രമണവും നിലനില്‍ക്കുന്നിടത്തോളം പ്രതിരോധവും നിലനില്‍ക്കും. രക്തസാക്ഷികള്‍ മരിക്കുന്നില്ല. അവര്‍ ജീവിച്ചിരുന്നവര്‍ക്ക് പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാന്‍ വ്യക്തമാക്കി.
 
അതേസമയം ഇനി സമാധാനത്തിനോ ചര്‍ച്ചയ്‌ക്കോ ഇടമില്ലെന്ന് ഇറാന്‍ സൈന്യം എക്‌സില്‍ കുറിച്ചു. നമ്മള്‍ വിജയം നേടും അല്ലെങ്കില്‍ മറ്റൊരു കര്‍ബല സംഭവിക്കും. യഹ്യ സിന്‍വറിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ടുള്ള കുറിപ്പ് എക്‌സില്‍ പങ്കുവെച്ചുകൊണ്ട് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. അതേസമയം ഒക്ടോബര്‍ 7 ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന സിന്‍വറിന്റെ വധത്തോടെ ഹമാസ് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുമെന്നാണ് ഇസ്രായേലിന്റെ പ്രതീക്ഷ. നേതൃനിരയിലെ പ്രമുഖരെല്ലാം തന്നെ നഷ്ടമായതോടെ ഹമാസിന്റെ അടുത്തനീക്കം എന്താകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article