തകര്‍ന്നു തരിപ്പണമായ ഒരു കെട്ടിടത്തില്‍ സിന്‍വര്‍ ഇരിക്കുന്നതാണ് ഇസ്രയേല്‍ പുറത്തുവിട്ട ഡ്രോണ്‍ ദൃശ്യങ്ങളില്‍ കാണുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുള്ള പൊടിപടലങ്ങള്‍ക്കിടയില്‍ സിന്‍വറിന്റെ മുഖം വ്യക്തമല്ല. ആക്രമണത്തില്‍ വലത് കൈയ്ക്കു പരുക്കേറ്റതായും വീഡിയോയില്‍ കാണാം. ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ വടി പോലുള്ള എന്തോ ഉപയോഗിച്ച് സിന്‍വര്‍ ഡ്രോണിനു നേരെ എറിയുന്നുണ്ട്.
തലയും മുഖവും ഒരു തുണികൊണ്ട് മറച്ചാണ് സിന്‍വര്‍ സോഫയില്‍ ഇരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതിനു പിന്നാലെ ഇസ്രയേല്‍ സൈന്യം വീണ്ടും ഷെല്‍ ആക്രമണം നടത്തി. അതില്‍ കെട്ടിടം പൂര്‍ണമായി തകരുകയും സിന്‍വര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്നാണ് അവകാശവാദം. 'അയാള്‍ രക്ഷപ്പെടാന്‍ നോക്കി, പക്ഷേ ഞങ്ങളുടെ സൈന്യം അവനെ ഇല്ലാതാക്കി' എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവായ ഡാനിയേല്‍ ഹഗരി പറഞ്ഞത്.
ജൂലൈ 31 നു ഇറാനില്‍ വെച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്മയില്‍ ഹനിയയുടെ പിന്‍ഗാമിയായാണ് സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരന്‍ സിന്‍വര്‍ ആയിരുന്നു. ഹമാസ് തലപ്പത്തേക്ക് എത്തി മൂന്നാം മാസമാണ് സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെടുന്നത്.
സിന്‍വറിന്റെ മരണം ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ സിന്‍വറിനോടു മുഖസാദൃശ്യമുള്ള ഒരാള്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു. ഡിഎന്‍എ പരിശോധന നടത്തുകയാണെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചതിനു പിന്നാലെ ഇസ്രയേല്‍ വിദേശകാര്യമന്ത്രിയും സിന്‍വര്‍ കൊല്ലപ്പെട്ടതായി പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിനു ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് സിന്‍വറിനെതിരെ അമേരിക്ക ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു.