കിം ജോങ് ഉന്നിനെ വധിക്കും; ദക്ഷിണ കൊറിയയുടെ ഞെട്ടിപ്പിക്കുന്ന പദ്ധതികള്‍ ഇങ്ങനെ

Webdunia
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (17:57 IST)
ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ വധിക്കാന്‍ ദക്ഷിണ കൊറിയ പദ്ധതി തയാറാക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി ഹാൻ മിൻ കുവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ഈ കാര്യം പാര്‍ലമെന്റിൽ ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

കിം ജോങ് ഉന്നിനെ വധിക്കാന്‍ പ്രത്യേക സേനയെ ഉപയോഗിക്കുമെന്നാണ് ഹാൻ മിൻ കൂ വ്യക്തമാക്കുന്നത്. കൂടാതെ ശത്രുരാജ്യത്തിന്റെ നേതാവിനെയും അവരുടെ ആയുധസംവിധാനങ്ങളെയും ഇല്ലാതാക്കാനുമുള്ള തന്ത്രങ്ങളും ആവിഷ്‌കരിക്കുന്നുണ്ടെന്നും ഒരു ചോദ്യത്തിനുത്തരമായി പ്രതിരോധ മന്ത്രി ഹാൻ മിൻ കൂ സഭയില്‍ പറഞ്ഞു.

വര്‍ഷങ്ങളായി ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം വഷളായ അവസ്ഥയിലായിരുന്നു. ഉത്തരകൊറിയ രണ്ടു തവണ ആണവ പരീക്ഷണം നടത്തിയതും ദക്ഷിണ കൊറിയയുടെ ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ കിം ജോങ് ഉന്‍ ശ്രമിച്ചതുമാണ് ബന്ധം താറുമാറാക്കിയത്.

അതിനിടെ നിരന്തരം മിസൈൽ പരീക്ഷണവും ഉത്തര കൊറിയ നടത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ സംരക്ഷകരായ അമേരിക്ക ആണവ പോർമുന ഘടിപ്പിച്ച യുദ്ധവിമാനങ്ങൾ രണ്ടുതവണ ഉത്തര കൊറിയൻ അതിർത്തിക്കു മുകളിലൂടെ പറത്തിയിരുന്നു.
Next Article