ചാരപ്രവര്‍ത്തനം ആരോപിച്ചു ശിക്ഷിക്കപ്പെട്ട എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തര്‍ റദ്ദാക്കി. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന് ആരോപിച്ചാണ് എട്ടു പേരെയും വധശിക്ഷക്ക് വിധിച്ചത്. ഇതില്‍ ഒരു മലയാളിയും ഉണ്ട്.
ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീല്‍ പരിഗണിച്ചാണ് ഖത്തറിന്റെ നിര്‍ണായക തീരുമാനം.
തിരുവനന്തപുരം സ്വദേശിയായ നാവികന്‍ രാഗേഷ്, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍. ദഹ്‌റ ഗ്‌ളോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. ഖത്തര്‍ കരസേനയിലെ പട്ടാളക്കാര്‍ക്ക് ട്രെയിനിങ് നല്‍കുന്ന കമ്പനിയാണ് ഇത്.