മതിയായ ചികില്‍സ ലഭിക്കാതെ പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു. 55കാരനായ നൂറുല്‍ ഹസനാണ് മരിച്ചത്. 330 കിലോയാണ് ഇയാളുടെ തൂക്കം. ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലായിരുന്നു സംഭവം.
ചികിത്സയിലുണ്ടായിരുന്ന ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ ഹസനെ പരിചരിക്കേണ്ട ജീവനക്കാര്‍ ഇല്ലാതെ വന്നു. നൂറുല്‍ ഹസനും മറ്റൊരു രോഗിയും മതിയായ ചികില്‍സ ലഭിക്കാതെ മരണത്തിന് കീഴടങ്ങി.
അക്രമങ്ങളെ തുടര്‍ന്ന് മിക്ക ജീവനക്കാരും ജോലി ചെയ്യാതെ മടങ്ങിയിരുന്നു. ഐസിയുവില്‍ ജീവനക്കാര്‍ ഇല്ലാതെ വരികയും തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ നൂറുള്‍ ഹസന്റെ നില വഷളാവുകയുമായിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. നൂറുല്‍ ഹസനെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പാക് സൈനിക ഹെലികോപ്റ്റര്‍ ഉപോയഗിച്ചത് അടുത്തിടെ വാര്‍ത്തയായിരുന്നു.