‘മോഡിയുടേത് അപകടകരമായ മൌനം‘ ; വിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ്

Webdunia
ശനി, 7 ഫെബ്രുവരി 2015 (13:46 IST)
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെവിമര്‍ശനത്തിനു പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് രംഗത്ത്.  മോഡിയുടെ അപകടകരമായ മൗനം എന്ന തലക്കെട്ടോടെയാണ് പത്രം മുഖപ്രസംഗം എഴുതിയിരിക്കുന്നത്.  രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായി അക്രമം തുടരുമ്പോള്‍ മോഡി മൌനം നടിക്കുന്നു എന്നാണ് മുഖപ്രസംഗം പറയുന്നത്.
 
രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടന്ന ആക്രമണം നടക്കുമ്പോളും ഘര്‍ വാപ്പസിയുള്‍പ്പടെയുള്ള മതപരിവര്‍ത്തന ശ്രമങ്ങാള്‍ നടക്കുമ്പോളും മോഡി മൌനം പാലിക്കുന്നു എന്നാണ് പത്രം പറയുന്നത്. മതപരിവര്‍ത്തനത്തിന് മോഡിയുടെ പിന്തുണയുണ്ടെന്ന് ആരോപിക്കുന്ന മുഖപ്രസംഗത്തില്‍ മോഡിയുടേത് അപകടകരമായ മൗനമാണെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. അയോധ്യയില്‍ 3,000 മുസ്ലീംഗളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കാന്‍ വിഎച്ച്പി പദ്ധതിയിയൊരുക്കുന്നതായി വാര്‍ത്തകളുണ്ടെന്നും, ഘര്‍വാപ്പസിയിലൂടെ മതം മാറിയ ആളുകളുടെ എണ്ണത്തേക്കുറിച്ചും പത്രം പറയുന്നു. 
 
1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 2000ത്തോളം പേരാണ് കൊല്ലപ്പെട്ടത് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് വി‌എച്ച്‌പി തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന മുന്നറിയിപ്പും പത്രം നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോല്‍ ഇന്ത്യയുടെ വികസനത്തെക്കുറിച്ച് മോഡി ചില മോഹനവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞമാസം ഡല്‍ഹിയിലെ റിപബ്ലിക് ദിന ചടങ്ങിനോടനുബന്ധിച്ച് നടന്ന പ്രസംഗത്തില്‍ ഒബാമ പറഞ്ഞതുപോലെ, വര്‍ഗീയത ഇല്ലാതാക്കിയാലേ ഇന്ത്യക്ക് വിജയം കൈവരിക്കാനാകു. മോഡി, മതപരമായ അസഹിഷ്ണുതയെക്കുറിച്ചുള്ള മൗനം ലംഘിക്കണം എന്നുപറഞ്ഞുകൊണ്ടാണ് പത്രം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.