ബ്രെക്സിറ്റ് കരാറിന് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി

അഭിറാം മനോഹർ
ശനി, 21 ഡിസം‌ബര്‍ 2019 (13:28 IST)
ബ്രെക്സിറ്റ് കരാർ യാഥർഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടീഷ് പാർലമെന്റിന്റെ പ്രാഥമികാനുമതി. യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്നതിന് അനുമതി നൽകുന്ന ബില്ലിന് അനുകൂലമായി 358 പേർ വോട്ട് ചെയ്തപ്പോൾ 234 പേർ എതിർത്ത് വോട്ട് ചെയ്തു.
 
നേരത്തെ കരാറിന് പാർലമെന്റ് അംഗീകാരം നേടാനാവാതെ വിഷമിച്ച ബോറിസ് ജോൺസൺ ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാകുകയായിരുന്നു. അടുത്ത ജനുവരി 31ന് മുൻപ് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുമെന്ന വാഗ്ദാനത്തോടെ വൻഭൂരിപക്ഷത്തിലാണ് ബോറിസ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ക്രിസ്മസ് അവധിക്ക് ശേഷം പാർലമെന്റ് കരാർ വിശദമായി പരിശോധിച്ച് അന്തിമ അംഗീകാരം നൽകുമെന്ന് ഉറപ്പായി.
 
ബ്രെക്സിറ്റ് യാഥാർഥ്യമാകുന്നതോടെ സ്വതന്ത്രവ്യാപരത്തിൽ ബ്രിട്ടണ് പുതിയ വെല്ലുവിളികൾ നേരിടേണ്ടതായി വരും. നേരത്തെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കാൻ മുൻഗാമിയായ തെരേസ മേ 3 വർഷം ശ്രമിച്ചിരുന്നെങ്കിൽ പോലും കരാർ യാഥാർഥ്യമായിരുന്നില്ല. 2016ലാണ് യൂറോപ്യൻ യൂണിയൻ വിടുന്നതിനായുള്ള ബ്രെക്സിറ്റിന് ഹിതപരിശോധനയിലൂടെ ബ്രിട്ടൺ അനുമതി നൽകിയത്.
 
2020 ഡിസംബർ 31 വരെയാണ് യൂറോപ്യൻ യൂണിയൻ വിടുന്നതിനായുള്ള സമയപരിധി ബ്രിട്ടണ് അനുവധിച്ചിട്ടുള്ളത്. ബോറിസ് ജോൺസന് കീഴിൽ ഭൂരിപക്ഷമുള്ള സർക്കാർ നിലവിൽ വന്നതോട് കൂടി അനിശ്ചിതത്വങ്ങൾക്ക് ഒരുവിധം വിരാമമായിട്ടുണ്ട്. ഇതിന്റെ ഉണർവ് ബ്രിട്ടന്റെ സാമ്പത്തികരംഗത്തും പ്രകടമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പൗണ്ടിന്റെ മൂല്യത്തിലുണ്ടായ വർധനവ് ഇതിന്റെ ഭാഗമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article