കൊവിഡ് 19: ഇറ്റലിയിൽ മരണസംഘ്യ ആയിരം കടന്നു

അഭിറാം മനോഹർ
വെള്ളി, 13 മാര്‍ച്ച് 2020 (09:33 IST)
ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 189 പേരാണ് ഇറ്റലിയിൽ വൈറസ് ബാധ കാരണം മരണപ്പെട്ടത്. അതേ സമയം ഇറ്റലിയിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ സഹായിക്കാൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് പുറപ്പെട്ടു.രോഗമില്ലാത്തവരെ ഇറ്റലിയിൽ  നിന്ന് ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേരത്തെ രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന  കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ നിലപാട് ഇറ്റലിയിലെ ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇവരെ നേരിട്ട് പരിശോധിക്കാനും യാത്രാനുമതിക്കുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനുമായാണ് ഇന്ത്യൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് തിരിച്ചത്.
 
കൊവിഡ് 19 ബാധയെ തുടർന്ന് ഇറ്റലിയിലെ ഇന്ത്യൻ എംബസി താത്‌കാലികമായി അടച്ചിട്ടിരിക്കുകയാണ്.നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ അതേസമയം പ്രവർത്തനം തുടരുമെന്നും റോമിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഇറ്റലിയിലെ എല്ലാ ഓഫീസുകളുമടച്ചിടാനുള്ള നിർദേശത്തെ തുടർന്നാണ് എംബസിയിയും അടച്ചത്. ഇന്നലെ മുതൽ കൊറോണബാധിത രാജ്യങ്ങളിലുള്ളവർക്ക് ഏപ്രിൽ 15 വരെ നൽകിയിരിക്കുന്ന വിസ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കൽ സംഘം ഇറ്റലിയിലേക്ക് പോകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article