യുഎസിലെ ലോസ് ആഞ്ചലസില്‍ ചൊവ്വാഴ്ച മുതല്‍ പടരുന്ന കാട്ടുതീ ശമനമില്ലാതെ പടരുന്നു. തീ പടര്‍ന്ന് 4 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മരണസംഖ്യ 11 ആയി ഉയര്‍ന്നു. ചൂതാട്ടകേന്ദ്രങ്ങളും ഹോളിവുഡിലെ വമ്പന്‍ താരങ്ങളുടെ വീടുകളുമുള്ള പ്രദേശത്ത് പടര്‍ന്ന തീയില്‍ 10,000ത്തിലധികം കെട്ടിടങ്ങളാണ് ഇതുവരെ കത്തിനശിച്ചത്. അഞ്ച് പള്ളികളും ഒരു സിനഗോഗും 7 സ്‌കൂളുകളും 2 ലൈബ്രറികളും ഇതില്‍ ഉള്‍പ്പെടുന്നു. 36,000 ഏക്കറിലേറെ പ്രദേശമാണ് കത്തിനശിച്ചത്.
പസഫിക് പാലിസേഡ്‌സ്,ആള്‍ട്ടഡീന,പാസഡീന,സില്‍മര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുതീ സജീവമാണ്. അതേസമയം പ്രശസ്തമായ ഹോളിവുഡ് ഹില്‍സില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണവിധേയമായതായി അധികൃതര്‍ വ്യക്തമാക്കി. വരണ്ട കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഇന്നലെ ലോസ് ആഞ്ചലസ്, വെഞ്ചുറ പ്രവിശ്യകളിലുണ്ടായ കാട്ടു തീയ്ക്ക് കാരണം മനുഷ്യ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദുരന്തബാധിത മേഖലകളില്‍ മോഷണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോസ് ആഞ്ചലസിന്റെ ചരിത്രത്തില്‍ ഏറ്റവും നാശനഷ്ടമുണ്ടാക്കിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
മെല്‍ ഗിബ്‌സണ്‍, ജെഫ്ബ്രിഡ്ജസ്, ആന്റണി ഹോപ്കിംഗ്‌സ്, പാരിസ് ഹില്‍ട്ടണ്‍, അന്ന ഫാരിസ് തുടങ്ങി ഡസന്‍ കണക്കിന് സെലിബ്രിറ്റികളുടെ വീടുകളും കത്തിനശിച്ച വീടുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.