Kuwait Fire: കുവൈത്തിലെ ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരണം 49 കടന്നെന്ന് സൂചന. അമ്പതിലേറെ പേര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍. കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.
കുവൈത്തില്‍ എന്‍.ബി.ടി.സി.കമ്പനിയുടെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. മരണമടഞ്ഞവരില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഈ ഫ്‌ളാറ്റില്‍ നിരവധി മലയാളികള്‍ താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്.
മങ്കെഫ് ബ്‌ളാക്ക് നാലിലുള്ള കെട്ടിടത്തില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. താഴെ നിലയില്‍ തീ പടരുന്നത് കണ്ട് രക്ഷപ്പെടാനായി മുകളില്‍ നിന്ന് ചാടിയ പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ് തീ അണയ്ച്ചത്. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകുമെന്നാണ് സൂചന. കെട്ടിടത്തിന്റെ താഴെ നിലയില്‍ സംഭരിച്ച ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമായതെന്ന് ഫയര്‍ ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു.
പരിക്കേറ്റ 52 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് പേരെ കാണാതായിട്ടുണ്ട്. തീപിടിത്തത്തില്‍ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 15 പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. 16 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. പാകിസ്ഥാനില്‍ നിന്നും ഈജിപ്തില്‍ നിന്നുള്ള ഒരാളും ഫിലിപ്പീന്‍സില്‍ നിന്നുള്ള രണ്ടുപേരും മരിച്ചവരില്‍ ഉള്‍പ്പെടും. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ(ബ്ലോക്ക് 4) 6 നില കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നു. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ആളുകള്‍ ഉറക്കത്തിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.