Israel vs Hezbollah War: ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാകും വരെ ഹിസ്ബുള്ളയ്‌ക്കെതിരെ സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ലെബനനിലെ അതിക്രമം ഇസ്രയേല്‍ നിര്‍ത്തണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ആവശ്യം ഉയരുമ്പോഴും വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. ന്യൂ ഹോപ്പ് പാര്‍ട്ടി നേതാവും മുന്‍ എതിരാളിയുമായ ഗിഡിയന്‍ സാറിനെ നെതന്യാഹു തന്റെ മന്ത്രിസഭയില്‍ അംഗമാക്കി. നിലവിലെ യുദ്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗിഡിയന്‍ സാറിനെ സുരക്ഷാ കാബിനറ്റില്‍ അംഗമാക്കുന്നതായി നെതന്യാഹു പ്രഖ്യാപിച്ചു.
ഹിസ്ബുള്ളയുടെ ഉന്ന നേതാക്കളില്‍ ഒരാളായ കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വ്യോമാക്രമണത്തില്‍ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റല്ലയെ വധിച്ചതിനു പിന്നാലെയാണ് നബീല്‍ കൗക്കിനെ കൂടി ഇല്ലായ്മ ചെയ്തതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചത്. ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ആണ് കൗക്കിനെ വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഹിസ്ബുള്ള ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 105 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ദക്ഷിണ ലെബനനിലെ ബെക്കാ വാലിയില്‍ ഇസ്രയേല്‍ ഫൈറ്റര്‍ ജെറ്റ് ആക്രമണം നടത്തിയെന്നും ചുരുങ്ങിയത് അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുള്ളയുടെ ആയുധശേഖരം ഉള്ളിടത്താണ് ഫൈറ്റര്‍ ജെറ്റ് ആക്രമണം നടന്നതെന്നാണ് വിവരം.