നസ്റുള്ളയ്ക്ക് പകരക്കാരനെ തെരെഞ്ഞെടുത്ത് ഹിസ്ബുള്ള, ഹാഷിം സഫീദ്ദീൻ പുതിയ മേധാവി

അഭിറാം മനോഹർ

ഞായര്‍, 29 സെപ്‌റ്റംബര്‍ 2024 (13:56 IST)
Hashem safieddine
ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയ്ക്ക് പകരം സംഘടന തലവനായി ഹാഷിം സഫീദ്ദീനെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട് 32 വര്‍ഷമായി ഹിസ്ബുള്ള നേതാവായിരുന്ന നസ്‌റുള്ളയുടെ ബന്ധുവാണ് സഫീദ്ദീന്‍. ലബനനില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ സഫീദ്ദീനും കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സഫീദ്ദീന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സംഘടനയിലെ മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 1964ല്‍ തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍ നഹറില്‍ ജനിച്ച സഫീദ്ദീന്‍ 1990കളില്‍ ഇറാനില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് നസ്‌റുള്ളയുടെ അനുയായിയായി മാറിയത്. 2017ല്‍ സഫീദീനെ അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ട ഇറാനിയന്‍ മിലിട്ടറി ജനറല്‍ ഖാസിം സുലൈമാനിയുടെ മകള്‍ സൈനബ് സുലൈമാനിയെ സഫീദിന്റെ മകനാണ് വിവാഹം ചെയ്തിരിക്കുന്നത്. ഈ നിലയില്‍ ഇറാനിയന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഹാഷിം സഫീദ്ദീന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍