ഡൊണാള്‍ഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് ചരിത്രപരമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ട്രംപ് സ്വീകരിക്കുന്ന നിലപാട് ഏറെ ശ്രദ്ധേയമാകും.
'വൈറ്റ് ഹൗസിലേക്കുള്ള നിങ്ങളുടെ ചരിത്രപരമായ തിരിച്ചുവരവ് അമേരിക്കയ്ക്കു പുതിയ തുടക്കവും ഇസ്രയേലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിനു ശക്തമായ പ്രതിബദ്ധതയും വാഗ്ദാനം ചെയ്യുന്നു. ഇതൊരു വലിയ വിജയമാണ്. ട്രംപിന് ആശംസകള്‍' നെതന്യാഹു എക്‌സില്‍ കുറിച്ചു.
അതേസമയം ആകെയുള്ള 538 ഇലക്ടറല്‍ കോളേജുകളില്‍ 494 ഇടത്തെ ഫലമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. 270 ഇലക്ടറല്‍ കോളേജ് എന്ന മാന്ത്രികസംഖ്യ ഡൊണാള്‍ഡ് ട്രംപ് തൊട്ടു. കമല ഹാരിസിന് ഇതുവരെ ലഭിച്ചത് 224 ഇലക്ടറല്‍ കോളേജുകള്‍ മാത്രം. ശേഷിക്കുന്ന ഇലക്ടറല്‍ കോളേജുകളിലെ ഫലം കൂടി പുറത്തുവരുമ്പോള്‍ ട്രംപിന് ചുരുങ്ങിയത് 290 ഇലക്ടറല്‍ കോളേജുകള്‍ എങ്കിലും ആകുമെന്നാണ് കണക്കുകൂട്ടല്‍. ചാഞ്ചാട്ട സംസ്ഥാനങ്ങളായ ജോര്‍ജിയ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു. പെന്‍സില്‍വാനിയ, അരിസോണ, മിഷിഗണ്‍, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ ലീഡ് ചെയ്യുന്നതും ട്രംപ് തന്നെ. 'ഞാന്‍ യുദ്ധങ്ങള്‍ തുടങ്ങാനല്ല പോകുന്നത്, എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനാണ്,' വിജയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ജനകീയ വോട്ടിലും ട്രംപ് തന്നെയാണ് മുന്നില്‍.