ആകെയുള്ള 538 ഇലക്ടറല്‍ കോളേജുകളില്‍ 494 ഇടത്തെ ഫലമാണ് ഇതുവരെ പുറത്തുവന്നിരിക്കുന്നത്. 270 ഇലക്ടറല്‍ കോളേജ് എന്ന മാന്ത്രികസംഖ്യ ഡൊണാള്‍ഡ് ട്രംപ് തൊട്ടു. കമല ഹാരിസിന് ഇതുവരെ ലഭിച്ചത് 224 ഇലക്ടറല്‍ കോളേജുകള്‍ മാത്രം. ശേഷിക്കുന്ന ഇലക്ടറല്‍ കോളേജുകളിലെ ഫലം കൂടി പുറത്തുവരുമ്പോള്‍ ട്രംപിന് ചുരുങ്ങിയത് 290 ഇലക്ടറല്‍ കോളേജുകള്‍ എങ്കിലും ആകുമെന്നാണ് കണക്കുകൂട്ടല്‍. ചാഞ്ചാട്ട സംസ്ഥാനങ്ങളായ ജോര്‍ജിയ, നോര്‍ത്ത് കരോളിന എന്നിവിടങ്ങളില്‍ ട്രംപ് ജയിച്ചു. പെന്‍സില്‍വാനിയ, അരിസോണ, മിഷിഗണ്‍, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ ലീഡ് ചെയ്യുന്നതും ട്രംപ് തന്നെ.
' ഞാന്‍ യുദ്ധങ്ങള്‍ തുടങ്ങാനല്ല പോകുന്നത്, എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനാണ്,' വിജയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ജനകീയ വോട്ടിലും ട്രംപ് തന്നെയാണ് മുന്നില്‍. 2016 ല്‍ ഹിലരി ക്ലിന്റനെ തോല്‍പ്പിച്ചാണ് ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. അന്ന് ഇലക്ടറല്‍ കോളേജുകളില്‍ ട്രംപ് മുന്നിലെത്തിയപ്പോള്‍ ജനകീയ വോട്ടില്‍ ഹിലരി ക്ലിന്റണ്‍ ആയിരുന്നു ഒന്നാമത്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ അഭിനന്ദിച്ചു.