538 ഇലക്ടറല്‍ വോട്ടുകളില്‍ 270 നേടുന്നവരാണ് വിജയിക്കുക. ജനകീയ വോട്ടില്‍ ഭൂരിപക്ഷം നേടിയാലും ഇലക്ടറല്‍ വോട്ടില്‍ പിന്നിലായാല്‍ ജയിക്കാനാകില്ല. ഇന്നലെ വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കമലയും ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിലെ സര്‍വേകളില്‍ 48.5 ശതമാനമാണ് കമലയ്ക്കുള്ള പിന്തുണ. തൊട്ടുപിന്നില്‍ 47.6 ശതമാനം പിന്തുണയോടെ ട്രംപ് ഉണ്ട്. എന്നാല്‍ വോട്ടെടുപ്പ് ദിവസമായ ഇന്നേക്ക് ട്രംപ് മുന്നിലെത്തുന്ന കാഴ്ചയാണ് കാണുന്നത്. ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പം നില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ നേരിയ ഭൂരിപക്ഷത്തോടെ ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്തും.
അറ്റ്‌ലസ് ഇന്റല്‍ പുറത്തുവിട്ട പുതിയ സര്‍വെ പ്രകാരം ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ കമലയേക്കാള്‍ മുന്‍തൂക്കം ട്രംപിനാണ്. നോര്‍ത്ത് കരോളിന, ജോര്‍ജിയ, അരിസോണ, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ ട്രംപിനാണ് മേല്‍ക്കൈ എന്ന് അറ്റ്‌ലസ് ഇന്റല്‍ സര്‍വെ അവകാശപ്പെടുന്നു. അരിസോണയില്‍ ട്രംപിനെ അനുകൂലിക്കുന്ന 52.3 ശതമാനം വോട്ടര്‍മാരും കമലയെ പിന്തുണയ്ക്കുന്ന 45.8 ശതമാനം വോട്ടര്‍മാരുമാണ് ഉള്ളതെന്ന് ഈ സര്‍വെയില്‍ പറയുന്നുണ്ട്.
നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226 ഉം ട്രംപിന് 219 ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാണ്. വിജയം ഉറപ്പിക്കാന്‍ കമലയ്ക്ക് 44 അധിക ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറല്‍ വോട്ടുകളും സമാഹരിക്കണം. ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് ഈ ഇലക്ടറല്‍ വോട്ടുകള്‍ കിടക്കുന്നത്. ഈ ചാഞ്ചാട്ട സംസ്ഥാനങ്ങള്‍ എങ്ങനെ വോട്ട് ചെയ്യുന്നോ അതായിരിക്കും വിജയിയെ തീരുമാനിക്കുക.