ഇലക്ടറല്‍ കോളേജ് ഭൂരിപക്ഷമാണ് യുഎസ് പ്രസിഡന്റിനെ തീരുമാനിക്കുക. 538 അംഗ ഇലക്ടറല്‍ കോളേജില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 270 ഇലക്ടറല്‍ കോളേജുകളാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കമലയും ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നിലവിലെ സര്‍വേകളില്‍ 48.5 ശതമാനമാണ് കമലയ്ക്കുള്ള പിന്തുണ. തൊട്ടുപിന്നില്‍ 47.6 ശതമാനം പിന്തുണയോടെ ട്രംപ് ഉണ്ട്.
ഒരു പാര്‍ട്ടിയുടെയും പരമ്പരാഗത കോട്ടയല്ലാത്ത ഏഴ് സംസ്ഥാനങ്ങളാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക. 24 കോടി പേര്‍ക്കാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. തിരഞ്ഞെടുപ്പ് ദിവസം തന്നെ പ്രസിഡന്റ് ആരാണെന്ന കാര്യത്തില്‍ തീരുമാനമാകും. മിഷിഗണ്‍, പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ആകും നിര്‍ണായകമാകുക. നിലവിലെ സ്ഥിതിയനുസരിച്ച് കമലയ്ക്ക് 226 ഉം ട്രംപിന് 219 ഉം ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാണ്. വിജയം ഉറപ്പിക്കാന്‍ കമലയ്ക്ക് 44 അധിക ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 51 അധിക ഇലക്ടറല്‍ വോട്ടുകളും സമാഹരിക്കണം. ചാഞ്ചാട്ട സംസ്ഥാനങ്ങളിലാണ് ഈ ഇലക്ടറല്‍ വോട്ടുകള്‍ കിടക്കുന്നത്. അതുകൊണ്ട് തന്നെ അവസാന മണിക്കൂറുകളില്‍ ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുക ഈ സംസ്ഥാനങ്ങളില്‍ ആയിരിക്കും.