വിദേശ ആക്രമണം ഉണ്ടായാല്‍ പാകിസ്ഥാന് പിന്തുണ നല്‍കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ചൈന. ജമ്മു കാശ്‌മീരിന്റെ പേരിൽ യുദ്ധം ഉണ്ടായാൽ ചൈന പാകിസ്ഥാനെ പിന്തുണയ്ക്കുമെന്ന് ലാഹോറിലെ കോൺസൽ ജനറൽ യൂ ബോറെൻ പറഞ്ഞതായി നേരത്തെ പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, യൂ ബോറെൻ അങ്ങനെ ഒരു പരാമർശം നടത്തിയതായി അറിയില്ലെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ഇരു രാജ്യങ്ങളുടെ അടുത്ത സുഹൃത്താണ് ചൈന. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പിന്തുണ നല്‍കാന്‍ തയാറാണ്. കശ്‌മീര്‍ പ്രശ്‌നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തെക്കൻ ഏഷ്യൻ മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും വികസനത്തിനുമായിട്ടാകണം ചര്‍ച്ചകള്‍ നടക്കേണ്ടതെന്നും ഗെംഗ് ഷുവാംഗ് പറഞ്ഞു.
യുദ്ധമുണ്ടായാല്‍ പാകിസ്ഥാനാണ് ചൈന പിന്തുണ നല്‍കുമെന്ന് പാക് ദിനപത്രം ദി ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്‌തത്. നേരത്തെയും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ പാക് മാധ്യമങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത്തരം വാര്‍ത്തകളെ തള്ളി ചൈന നേരിട്ട് രംഗത്തെത്തിയത്. ഒരാഴ്‌ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് ചൈന, പാകിസ്ഥാന്റെ നിലപാടുകളെ തള്ളുന്നത്.