ഇന്ത്യയുടെ പാത മാനവീകതയുടേത്: പ്രധാനമന്ത്രി

Webdunia
തിങ്കള്‍, 18 മെയ് 2015 (14:59 IST)
ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത് മാനവീകതയുടെ പാതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണ കൊറിയയിലെ സിയോളിൽ  ക്യുംഹ് ഹീ  സർവകലാശാലയില്‍ പ്രവാസി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങക്ക്ക്കും പരിഹാരം വികസനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസനത്തിന്റെ തോത് തീരുമാനിക്കുന്നത് റോഡുകളും വൻ കെട്ടിടങ്ങളുമല്ല മറിച്ച് ജനതയുടെ ജീവിതനിലവാരമാണെന്നും ലോകത്തെ മികച്ച സാങ്കേതിക വിദ്യ ഇന്ത്യയിലെത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മോഡി പറഞ്ഞു. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ രാജ്യത്തെത്തുന്ന കമ്പനികള്‍ക്ക് എല്ലാവിധ സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുമെന്നും മോഡി പറഞ്ഞു.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ബ്രിക്സ് ന് നിർണായക പങ്കുണ്ടെന്ന് ലോക സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു .എന്നാൽ കഴിഞ്ഞ പത്ത് പതിനഞ്ചു വർഷമായി ബ്രിക്സിലെ ഐ ( ഇന്ത്യ )ക്ക് ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന നിലപാടിലേക്ക് അവരെത്തി. എന്നാൽ ഇപ്പോഴവർ പറയുന്നത്  ഐ ( ഇന്ത്യ ) ഇല്ലാതെ ബ്രിക്സിന് നിലനിൽപ്പില്ലെന്നാണ് . മോഡി പറഞ്ഞു.

മംഗോളിയയിൽ നിന്ന് ദക്ഷിണ കൊറിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത് . നിരവധി ഇന്ത്യൻ വംശജർ അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു . തുടർന്ന് ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ കാണാനെത്തിയത്. സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സമൂഹത്തെ കാണാനായതിലുള്ള സന്തോഷം പ്രധാനമന്ത്രി പങ്കുവച്ചു.