അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹിലരി ക്ലിന്റൻ തുടർച്ചയായി നുണകൾ പറയുന്നതിന്റെ വീഡിയോ വൈറലാകുന്നു. വിവിധ വിഷയങ്ങളിൽ നിലപാടുകളിൽ മാറ്റം വരുത്തി പ്രസംഗിക്കുന്ന ഹിലരിയുടെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ഹിലരി മത്സരിക്കുന്നത്.
'ഹിലറി ക്ലിന്റന്റെ നുണ പറച്ചിൽ’ എന്ന രീതിയിലാണ് വീഡിയോ യുട്യൂബിൽ പ്രചരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 75 ലക്ഷത്തിലധികം പേർ 13 മിനിട്ട് ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടു കഴിഞ്ഞു. സ്വവർഗ്ഗ വിവാഹത്തെ പരസ്യമായി എതിർത്തിരുന്ന ആളായിരുന്നു ഹിലരി. എന്നാൽ സ്വവര്‍ഗ്ഗവിവാഹം, വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര കരാര്‍, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളിലെ ഹിലരിയുടെ വ്യത്യസ്ത അഭിപ്രായങ്ങളെ തുറന്നു കാണിക്കുന്ന തരത്തിലാണ് വീഡിയോ.
പല വീഡിയോകളിലേയും വ്യത്യസ്ത നിലപാടുകൾ കോർത്തിണക്കിയുള്ളതാണ് പ്രചരിക്കുന്ന വിഡിയോ. സന്ദർഭത്തിനനുസരിച്ചു നിലപാടു മാറ്റുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ യുട്യൂബിൽ പ്രചരിക്കുന്നതു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹിലറിയുടെ ജനപിന്തുണയെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. എന്നാൽ, റിപ്പബ്ലിക്കൻ സ്ഥാനാർഥിയെയും വെറുതെ വിടാൻ പോകുന്നില്ലെന്നാണു യുട്യൂബിൽ വിഡിയോ പ്രചരിപ്പിക്കുന്നവരുടെ നിലപാട്.