Israel vs Hezbollah: ഇസ്രയേലിനെ വിറപ്പിച്ച് ഹിസ്ബുള്ളയുടെ തിരിച്ചടി; വിക്ഷേപിച്ചത് 165 റോക്കറ്റുകള്‍, ഒരു വയസുകാരിക്കും പരുക്ക്

രേണുക വേണു
ചൊവ്വ, 12 നവം‌ബര്‍ 2024 (10:21 IST)
Israel vs Hezbollah: ലെബനന്‍ സായുധ സംഘമായ ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് നൂറിലേറെ റോക്കറ്റുകള്‍ വിക്ഷേപിച്ചു. ബെയ്‌റൂട്ടില്‍ സെപ്റ്റംബറില്‍ നടന്ന പേജര്‍ ആക്രമണങ്ങള്‍ തങ്ങളുടെ അറിവോടെയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് 165 റോക്കറ്റുകള്‍ ഹിസ്ബുള്ള വിക്ഷേപിച്ചതായി വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഒരു വയസുകാരി അടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റതായി ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
റോക്കറ്റ് ആക്രമണത്തിന്റെ വീഡിയോ ഇസ്രയേല്‍ പ്രതിരോധ സേന എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. ' വടക്കന്‍ ഇസ്രയേല്‍ ആക്രമണങ്ങളിലൂടെ കടന്നുപോകുന്നു. ഹിസ്ബുള്ളയുടെ ആക്രമണങ്ങളില്‍ നിന്ന് ഞങ്ങളുടെ പൗരന്‍മാരെ രക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിരോധം തുടരും' എന്ന തലക്കെട്ടോടെയാണ് റോക്കറ്റ് ആക്രമണത്തിന്റെ വീഡിയോ ഇസ്രയേല്‍ പ്രതിരോധ സേന പങ്കുവെച്ചിരിക്കുന്നത്. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ കത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. 
 
റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള ഏറ്റെടുത്തു. കര്‍മിയേല്‍ പ്രദേശത്തെ പരിശീലന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് ഹിസ്ബുള്ള പറയുന്നത്. ഹിസ്ബുള്ള പേജറുകള്‍ പൊട്ടിത്തെറിച്ചാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ലെബനന്‍ അതിര്‍ത്തിയില്‍ ആക്രമണം നടന്നത്. പേജര്‍ ആക്രമണത്തില്‍ നാല്‍പ്പതോളം ഹിസ്ബുള്ള അംഗങ്ങള്‍ കൊല്ലപ്പെടുകയും 3000 ത്തില്‍ ഏറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article